കണ്ണൂര്‍: നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസ്സുകാരന് പൊട്ടകിണറ്റില്‍ വീണ് ദാരുണാന്ത്യം. കണ്ണൂര്‍ പാനൂരില്‍ ആണ് നായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസുകാരന് പൊട്ടക്കിണറ്റില്‍ വീണ് മരിച്ചത്.പാനൂര്‍ തൂവക്കുന്ന് സ്വദേശി മുഹമ്മദ് ഫസലാണ് മരിച്ചത്.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സ്കൂള്‍ വിട്ട് വന്ന കുട്ടി കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ആണ് അപകടം.
കളിച്ചുകൊണ്ടിരിക്കെ തെരുവു നായയെ കണ്ട കുട്ടികളെല്ലാം പല വഴിക്ക് ഓടുകയായിരുന്നു. ഫസല്‍ ഓടിയ വഴിയില്‍ ഒരു ഉപയോഗ ശൂന്യമായ കിണറുണ്ടായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്. കുട്ടികള്‍ പല വഴിക്ക് ഓടിയതിനാല്‍ അവര്‍ മുഹമ്മദ് ഫസലിനെ കുറിച്ച് ആദ്യം അന്വേഷിച്ചിരുന്നില്ല.ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെകിണറ്റില് വീണ നിലയില്‍ കണ്ടെത്തിയതെന്ന് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം പി.കെ മുഹമ്മദാലി പറഞ്ഞു. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റില്‍ വീഴുകയായിരുന്നെന്നാണ് കരുതുന്നത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.