റാഗിങിൻ്റെ പേരില്‍ വിദ്യാർഥിയ്ക്കു നേരെ എബിവിപി നേതാക്കളുടെ ക്രൂര മർദ്ദനം, വിദ്യാർഥിയ്ക്ക് ഗുരുതര പരുക്കേറ്റു.തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എൻഎസ്‌എസ് കോളജിലാണ് സംഭവം. കഴിഞ്ഞ 22 നാണ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കല്‍ സയൻസ് വിദ്യാർഥി അദ്വൈതിനെ കോളജിലെ പ്രണവ്, ആദർശ്, ബിജോ, നിഖില്‍ എന്നീ എബിവിപി നേതാക്കളാണ് റാഗിങിൻ്റെ പേരില്‍ ക്രൂരമായി മർദിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്വൈതിനെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ തലയ്ക്കും ചെവിയ്ക്കും വയറിനുമാണ് പരുക്കേറ്റിട്ടുള്ളത്. സംഭവത്തില്‍ വിദ്യാർഥിയുടെ രക്ഷിതാക്കള്‍ പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കോളജ് പ്രിൻസിപ്പലിനും ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാർഥിയെ ആക്രമിച്ചതില്‍ ഒരാള്‍ സ്ഥിരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്.