നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസില്‍ യാത്രക്കാരിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ച പ്രതി പിടിയില്‍.മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പിടിയിലായത്. തിരുവനന്തപുരം റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 25നാണ് സംഭവം. നിലമ്പൂരില്‍ നിന്ന് രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത നെയ്യാറ്റിന്‍കര സ്വദേശിനിയുടെ പാദസരമാണ് കൊച്ചുവേളി സ്റ്റേഷനില്‍ വെച്ച് ശ്രീജിത്ത് മോഷ്ടിച്ചത്.
ശ്രീജിത്തും ഇതേ ട്രെയ്‌നിലാണ് കൊച്ചുവേളിയിലേക്ക് യാത്ര ചെയ്തത്. രാവിലെ അഞ്ചരയ്ക്ക് കൊച്ചുവേളി സ്റ്റേഷനിലെത്തിയ ട്രെയിന്‍ നാഗര്‍കോവിലേക്കുള്ള യാത്രക്ക് മുന്‍പായി നിര്‍ത്തിയിട്ട സമയത്തായിരുന്നു മോഷണം. ബര്‍ത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ വലതു കാലിലെ സ്വര്‍ണ പാദസരം പ്രതി കട്ട് ചെയ്ത് എടുക്കുകയായിരുന്നു.പിന്നാലെ ഇടതുകാലിലെ പാദസരവും കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ യുവതി ഉണരുകയും ശ്രീജിത്ത് വലതുകാലിലെ പാദസരം എടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു. ഇലക്‌ട്രീഷ്യനായ പ്രതി കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ചാണ് പാദസരം കട്ട് ചെയ്തത്. യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അങ്ങാടിപ്പുറത്ത് നിന്ന് പിടിയിലായത്.