സുല്‍ത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 2700 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.180 ചാക്കുകളിലായി 81000 പാക്കറ്റ് ഹാന്‍സാണ് കടത്താന്‍ ശ്രമിച്ചത്. കൂടാതെ ഹാന്‍സ് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന കവറുകളും കണ്ടെടുത്തു. സംഭവത്തില്‍ മാനന്തവാടി സ്വദേശി സര്‍ബാസിനെ (28) എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പുകയില ഉല്‍പന്നങ്ങള്‍ക്ക് 40 ലക്ഷത്തിന് മുകളില്‍ വിലവരുമെന്നാണ് കണക്ക്. മൈസൂരുവില്‍ നിന്ന് മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് പോകുന്ന പച്ചക്കറി ലോഡ് എന്ന രൂപത്തിലാണ് പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ലോഡ് മഞ്ചേരിയില്‍ എത്തിച്ചു കൊടുക്കാനുള്ള നിർദേശമാണ് തനിക്ക് കിട്ടിയതെന്ന് ലോറി ഡ്രൈവർ സർബാസ് എക്സൈസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഹാൻസ് ചെറിയ പാക്കറ്റുകളിലാക്കുന്ന ഏതോ യൂനിറ്റിലേക്കാണ് ലോഡ് കൊണ്ടുപോയതെന്ന സംശയമാണ് എക്സൈസ് അധികൃതർക്കുള്ളത്.