കണ്ണൂര്‍: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന ചരിഞ്ഞു. കുട്ടിയാനയുടെ താടിയെല്ലിനും കാലിനുമുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു.മയക്കുവെടിവെച്ച ശേഷം ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.ആറളത്തെ ആര്‍ആര്‍ടി ഓഫീസില്‍ ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് ചരിഞ്ഞത്. മയക്കുവെടി വെച്ചതിന് പിന്നാലെ ആന അവശത പ്രകടിപ്പിച്ചിരുന്നു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയാനയെ ലോറിയില്‍ കൊണ്ടുപോകുകയായിരുന്നു.ഇന്നലെ പുലര്‍ച്ചയോടെയാണ് കരിക്കോട്ടക്കരിയില്‍ മൂന്ന് വയസുകാരന് കുട്ടിയാന ഭീതി പടര്‍ത്തിയത്. ആറളം ഫാമില്‍ നിന്ന് കാട്ടാന കൂട്ടത്തെ കാട് കയറ്റാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ കൂട്ടം തെറ്റിയോ മറ്റോ ആണ് കുട്ടിയാന ജനവാസ മേഖലയില്‍ എത്തിയത്. താടിയെല്ല് പൊട്ടി ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുറിഞ്ഞ ഭാഗത്ത് നിന്ന് മാസവും രക്തവും അടര്‍ന്ന് തൂങ്ങിയിരുന്നു.അവശനായി ഒന്നിനും കഴിയാതെ വന്നതോടെ ആന കൂമന് തോടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ചു.വൈകിട്ടോടെ വയനാട്ടില്‍ നിന്ന് വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ ആര്‍ആര്‍ടി സംഘമെത്തി മയക്കുവെടിവെച്ചു. ഇതിന് പിന്നാലെ ആനയ്ക്ക് പ്രാഥമിക ചികിത്സ നല്കി. ആനയെ ആറളത്തെ ആര് ആര് ടി ഓഫീസില്‍ എത്തിച്ച് ചികിത്സ നല്‍കാനായിരുന്നു തീരുമാനം.