തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അള്‍ട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് അപകടകരമായ തോതിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയിലാണ് പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ രണ്ട് ജില്ലകളിലും യുവി തോത് 11 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സാധാരണ നിലയിലും വളരെ അധികമാണ്. വേനല്‍ക്കാലം തുടങ്ങി മാർച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെയാണ് കേരളത്തില്‍ സഹിക്കാൻ കഴിയാത്ത ചൂട് അനുഭവപ്പെടുന്നത്.
റെഡ് അലർട്ട് ഉള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വീണ്ടും പുറപ്പെടുവിച്ചു. ഈ സമയത്താണ് സൂര്യനില്‍ നിന്നുള്ള യുവി വികിരണങ്ങള്‍ കൂടുതലായി ഭൂമിയില്‍ പതിക്കുക.