തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാപ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു.ആശ പ്രവർത്തകരായ എം. എ. ബിന്ദു കെ. പി. തങ്കമണി, ആർ. ഷീജ എന്നിവരാണ് നിരാഹാരം അനുഷ്ടിക്കുന്നത്. അതേസമയം ആശാ പ്രവർത്തകരുടെ രാപ്പകല്‍ സമരം ഇന്ന് 40ാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ രാവിലെ പതിനൊന്നിനാണ് ആശമാരുടെ നിരാഹാര സമരം ആരംഭിച്ചത്. വ്യാഴാഴ്ച സമരപ്പന്തലില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്യത്തില്‍ യുഡിഎഫ് എംഎല്‍എമാർ ഐക്യദാർഢ്യവുമായി എത്തിയിരുന്നു.ആശമാരുടെ നിരാഹാര സമരത്തിന് പൊതു സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സമരം ഒത്തുതീർപ്പാക്കണമെന്ന് ഇന്നും സഭയില്‍ വിഷയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.ഡല്‍ഹിയില്‍ പോയി ആശമാരുടെ പ്രശ്നങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് വ്യാഴാഴ്ച മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നത്. എന്നാല്‍ ഏറെ വൈകി മന്ത്രിയോട് കാണാൻ അനുമതി ചോദിച്ചതിനാല്‍ തിരക്ക് കാരണം അനുമതി നല്‍കിയില്ല. വീണ ജോർജ് ആശമാരെ അവഹേളിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഓണറേറിയം 21,000 ആയി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ചുലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി പത്തിനായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.