എടത്വാ: ആഗോള സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹവിയോഗത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ അനുശോചന യോഗം ചേർന്നു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുശോചന സന്ദേശം നൽകി.
പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സമർപ്പണം ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ വിശ്വാസങ്ങളെയും അതിർത്തികളെയും മറികടന്ന് സ്പർശിച്ചു. ഈ നൂറ്റാണ്ടിൽ ജീവിച്ച മഹത് വ്യക്തിത്വത്തിൻ്റെ ഉടമായാ അദ്ദേഹം യുദ്ധരഹിതമായ ദൈവീക വിശ്വാസത്തിൻ്റെ ഒരുലോകം പടുത്തുയർത്താൻ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി സ്വയം സമർപ്പണം ചെയ്ത മഹാരധനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിൽ ചക്കുളത്തുകാവ് ക്ഷേത്രം അഗാധമായ ദുഖം രേഖപ്പെടുത്തി.
യോഗത്തിൽ ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു.