
ത്യക്കരിപ്പൂർ: കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിൻ്റെ മകൻ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാരുമായി കുളിക്കാൻ എത്തിയതായിരുന്നു എന്നാണ് വിവരം.
എളമ്ബച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്. പുഴയിലിറങ്ങിയ ഉടൻ തന്നെ മുഹമ്മദ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ തൃക്കരിപ്പൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.ഫയർഫോഴ്സ് സംഘം പുഴയില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ തന്നെ നാട്ടുകാരനായ മടക്കാലിലെ രാധാകൃഷ്ണൻ കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
