വിതുര: മീൻ പിടിക്കാൻ പോയ ആദിവാസിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. വിതുര പഞ്ചായത്തിലെ മണലി വാർഡിലെ കൊമ്പ്രാംകല്ല് പെരുമ്ബാറയടി ആദിവാസി കോളനിയില്‍ ഡി.ശിവാനന്ദൻ കാണിക്കാണ് (46) പരിക്കേറ്റത്.ഇന്നലെ പുലർച്ചെ 4ഓടെ തലത്തൂതക്കാവ് നദിയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ശിവാനന്ദൻകാണിയെ കാട്ടാന ചുഴറ്റി എറിയുകയായിരുന്നു. പുലർച്ച് 5ഓടെ ടാപ്പിംഗിനായി വന്ന ആദിവാസികളാണ് ശിവാനന്ദൻകാണി പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ വിതുര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.വാരിയെല്ലിന് പൊട്ടലുണ്ട്. ശിവാനന്ദൻകാണി അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു.