കോഴിക്കോട്: പൊലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്.പൊലീസിനെ കണ്ടതോടെ ഇയാള്‍ പൊതി വിഴുങ്ങുകയായിരുന്നു. വയറ്റിലായത് എംഡിഎംഎ ആണെന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസുകാർ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എൻഡോസ്കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയിരുന്നു.
ഇന്നലെയാണ് താമരശേരിയില്‍ കയ്യിലൊരു പൊതിയുമായി ഷാനിദിനെ സംശയാസ്‌പദമായ രീതിയില്‍ പൊലീസ് കാണുന്നത്. പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച ഇയാള്‍ കയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങുകയും ചെയ്തു. പിന്നാലെ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് എംഡിഎംഎ അടങ്ങിയ പൊതി വിഴുങ്ങിയ വിവരം പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് ഇയാളെ താരമശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഡോക്‌ടർമാരുടെ നിർദേശപ്രകാരം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ഇവിടെ നടത്തിയ എൻഡോസ്കോപ്പി പരിശോധനയില്‍ രണ്ട് പൊതികളാണ് കണ്ടെത്തിയത്. പൊതിക്കുള്ളിലുണ്ടായിരുന്ന വെളുത്ത തരികള്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു.
അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഷാനിദ് രാവിലെയോടെ മരണപ്പെടുകയായിരുന്നു.