വർക്കലയിൽ സ്കൂളുകളിൽ സാമൂഹ്യ വിരുദ്ധരുടെ “വിളയാട്ടം “

തിരുവനന്തപുരം വർക്കലയിൽ അടുത്തടുത്ത് പ്രവർത്തിക്കുന്ന രണ്ട് സ്കൂളുകളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.

കുറയ്ക്കണ്ണി ഗവ. എൽ പി ജി എസിലും, എച്ച്. വി. യു.പി സ്കൂളിലുമാണ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്. കുരയ്ക്കണ്ണി ഗവൺമെൻറ് എൽ പി ജി എസിൽ ഏഴ് ക്ലാസ് മുറികളിൽ തയ്യാറാക്കിയിരുന്ന ലൈബ്രറി യിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ നശിപ്പിക്കുകയും ക്ലാസ് മുറികളിലെ ബോർഡുകളിലും ചുമരുകളിലും അസഭ്യ വാക്കുകൾ എഴുതി പിടിപ്പിക്കുകയും ചെയ്തിരുന്നു. സ്കൂൾ ലബോറട്ടറിയിലെ പൂട്ട് അടിച്ചു തകർത്ത് അകത്ത് കയറി രാസവസ്തുക്കളും, ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളും അധ്യാപകരും കൈകഴുകാനും മറ്റും ഉപയോഗിക്കുന്ന പൈപ്പിന്റെ ടോപ്പുകളും ഒടിച്ചു നശിപ്പിച്ചിട്ടുണ്ട്. കൂടാതെ ടോയ്‌ലറ്റുകളിലെ പൈപ്പുകളും അടിച്ചുതകർത്തിട്ടുണ്ട്. സ്കൂൾ ബസ്സിനകത്ത് സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിംഗ്ഷറുകൾക്ക് കേടുവരുത്തി ശേഷം സ്കൂൾ കോമ്പൗണ്ടുകളിൽ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുരയ്ക്കണ്ണി ഗവ എൽ പി ജി എസിലും സമാനമായ രീതിയിലാണ് ഉപകരണങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ഈ ഗവ. സ്കൂളിൽ കഴിഞ്ഞ വർഷവും ഇതേ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു.
അന്നും പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം നടന്ന സംഭവത്തിലും വർക്കല പോലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകിയിട്ടുണ്ടെന്നും, സ്കൂളിൽ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. തൊട്ടടുത്തടുത്തായി പ്രവർത്തിക്കുന്ന ഈ സ്കൂളുകളിൽ ഒരേസമയം അക്രമ സംഭവങ്ങൾ അഴിച്ചുവിട്ടതിൽ ആശങ്കയുള്ളതായി വാർഡ് മെമ്പറും അറിയിച്ചു.

You May Also Like

About the Author: Jaya Kesari