ത്യശൂർ: അഞ്ചുവയസുകാരനെ വെട്ടിക്കൊല്ലുകയും കുഞ്ഞിന്‍റെ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ആസാം സ്വദേശി ജമാല്‍ ഹുസൈൻ (19) കുറ്റക്കാരനെന്നു ജില്ലാ സെഷൻസ് കോടതി.ശിക്ഷ 17ന് പ്രഖ്യാപിക്കും. 2023 മാർച്ച് 30നു മുപ്ലിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ് കന്പനിയിലായിരുന്നു സംഭവം. കുഞ്ഞിന്‍റെ അമ്മ നജ്മ ഖാത്തൂണ്‍, അച്ഛൻ ബഹാരുള്‍ എന്നിവർ കന്പനിയില്‍ താമസിച്ചാണു ജോലി ചെയ്തിരുന്നത്.
സംഭവത്തിന്‍റെ തലേന്നാണു നജ്മയുടെ വല്യമ്മയുടെ മകനായ ജമാല്‍ ഹുസൈൻ എത്തിയത്. നാട്ടിലെ സ്വത്തുതർക്കത്തില്‍ നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നെങ്കിലും പുറത്തുകാട്ടിയില്ല.
പിറ്റേന്നു രാവിലെ ഏഴിനു ബഹാരുളും മറ്റു പണിക്കാരും ജോലിക്കായി ഫാക്ടറിയില്‍ കയറിയയുടൻ അടുക്കളയിലായിരുന്ന നജ്മയെ വെട്ടുകത്തിയുപയോഗിച്ചു തലയിലും കൈകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം തൊട്ടടുത്തു ഭക്ഷണം കഴിക്കുകയായിരുന്ന അഞ്ചുവയസുകാരൻ നജുറുള്‍ ഇസ്ലാമിന്‍റെ കഴുത്തില്‍ വെട്ടുകയായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചു. നജ്മയുടെ വിരലറ്റു. രണ്ടു കൈകളുടെയും എല്ലൊടിഞ്ഞു. തലയില്‍ മാരകമായി പരിക്കേറ്റു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജോലിക്കാർ ചേർന്നു പിടികൂടി കെട്ടിയിട്ടു പോലീസില്‍ ഏല്പിക്കുകയായിരുന്നു.