തിരുവനന്തപുരം: തൻ്റെ നേതൃത്വത്തിലുള്ള കുടിവെള്ള പദ്ധതി പ്രമോട്ട് ചെയ്യാനായി കേന്ദ്രസർക്കാറിൻ്റെ അമൃത് ജലവിതരണ പദ്ധതിയിൽ നിന്നും കണക്ഷൻ കൊടുക്കുന്നത് തടഞ്ഞ് ബി ജെ പി പ്രതിനിധി കൂടിയായ നഗരസഭാ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ 34-ാം വാർഡിൽ ശക്തിനഗർ ലെയ്നിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വിമുക്തഭടൻ കൂടിയായ അഭിഭാഷകൻ്റെ വീട്ടിലേക്കുള്ള കണക്ഷനാണ് കൗൺസിലർ തടഞ്ഞത്. ഇതുസംബന്ധിച്ച് അഭിഭാഷകനും ഇന്ത്യൻ എയർ ഫോഴ്സ് മുൻ ഉദ്യോഗസ്ഥനുമായ തിരുവനന്തപുരം കേശവദാസപുരം ജയസായി ഭവനിൽ അഡ്വ. കെ.പി. ഓമനകുട്ടൻ തദ്ദേശ വകുപ്പ് മന്ത്രിക്കും ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിക്കും ഉൾപ്പെടെ പരാതി നൽകി.
ഓമനകുട്ടൻ ഏറ്റുമാനൂർ ശക്തിനഗറിലുള്ള ഓംകാരം എന്ന തൻ്റെ വസതിയിലേക്ക് കേന്ദ്രസർക്കാരിൻ്റെ അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള കണക്ഷനു വേണ്ടി വാട്ടർ അതോറിറ്റിയിൽ അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് കണക്ഷൻ നൽകാനായി കഴിഞ്ഞ ശനിയാഴ്ച വാട്ടർ അതോറിറ്റി ജീവനക്കാർ ഓമനകുട്ടൻ്റെ വീട്ടിൽ എത്തി. കണക്ഷൻ നൽകുന്നതിനായി റോഡിനു കുറുകെ കുഴിയെടുത്ത് പൈപ്പ് പാകുകയും ചെയ്തു. ഈ സമയം പാർട്ടി പ്രവർത്തകരെയും കൂട്ടി സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ ഉഷാ സുരേഷ് പ്രവൃത്തി തടസപ്പെടുത്തുകയും ബഹളം കൂട്ടി സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പാകിയ പൈപ്പുകൾ കരാർ പണിക്കാരെ കൊണ്ട് ഊരിയെടുപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
തിരുവനന്തപുരത്തായിരുന്ന തന്നെ ഫോണിൽ വിളിച്ച് വല്ലാതെ ദേഷ്യപ്പെട്ട കൗൺസിലർ വാട്ടർ അതോറിറ്റി കണക്ഷനുപകരം ഇവരുടെ കൂടി നേതൃത്വത്തിലുള്ള സമിതിയുടെ വക ‘പടിഞ്ഞാറെ നട കുടിവെള്ള പദ്ധതി’യിൽ നിന്നും കണക്ഷൻ എടുക്കണമെന്ന് പറഞ്ഞുവെങ്കിലും താൻ സമ്മതിച്ചില്ലെന്ന് ഓമനകുട്ടൻ പറയുന്നു. തനിക്ക് അമൃത് പദ്ധതി പ്രകാരം സൗജന്യമായി കണക്ഷൻ ലഭിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞതോടെ കൂടുതൽ രോഷാകുലയായ കൗൺസിലർ പിന്നീട് ‘താൻ പണിത റോഡ്’ തൻ്റെ അനുവാദമില്ലാതെ വെട്ടി പൊളിച്ചുവെന്ന് പറഞ്ഞായി ബഹളം. ഇതിനിടെ ഇവർ വാട്ടർ അതോറിറ്റിയുടെ വാഹനവും തടഞ്ഞിട്ടു.
സംഘർഷാവസ്ഥ സംജാതമായതോടെ കണക്ഷൻ നൽകാനാവാതെ വാട്ടർ അതോറിറ്റി അധികൃതർ മടങ്ങിയെന്നും പ്രശ്നം പരിഹരിച്ച് തനിക്ക് കണക്ഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഓമനകുട്ടൻ പരാതിയിൽ ആവശ്യപ്പെട്ടു.
മന്ത്രി വി.എൻ. വാസവൻ്റെ എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് ഒരു വർഷം മുമ്പ് നവീകരിച്ച റോഡിലാണ് പൈപ്പിടാനായി വാട്ടർ അതോറിറ്റി കുഴിയെടുത്തത്. നഗരസഭയുടെ അനുവാദമില്ലാതെയാണ് വാട്ടർ അതോറിറ്റി റോഡ് കുഴിച്ചതെങ്കിൽ സെക്രട്ടറിയോ എൽഎസ്ജിഡി എഞ്ചിനീയറോ ഇടപെട്ട് നോട്ടീസ് നൽകി നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം കൗൺസിലർ അവിടെയെത്തി പ്രവൃത്തി തടസപ്പെടുത്തി ബഹളം കൂട്ടിയതിൻ്റെ ഉദ്ദേശമെന്തെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. അതേസമയം, റോഡ് വെട്ടിപൊളിച്ചതും പൈപ്പിൻ്റെ ലേഔട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളും തൻ്റെ അറിവോടെ ആയിരുന്നില്ലെന്നും എങ്കിൽ പോലും റോഡിൻ്റെ അറ്റകുറ്റപണികൾ നടത്താൻ താൻ ഒരുക്കമാണെന്നും കൗൺസിലർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഓമനകുട്ടൻ പറഞ്ഞിരുന്നു. അതിന് മറുപടി നൽകാൻ പോലും തയ്യാറാകാതെ പ്രവൃത്തി തടസപ്പെടുത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ് കൗൺസിലർ ചെയ്തതെന്നും ഓമനകുട്ടൻ പരാതിയിൽ സൂചിപ്പിക്കുന്നു.