അഹമ്മദാബാദ്: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ഗുജറാത്തി കുടുംബത്തിലെ രണ്ട് കുട്ടികള്‍ ബോട്ട് മറിഞ്ഞ് മരിച്ചതായി റിപ്പോർട്ട്.40 വയസ്സുള്ള ബ്രിജേഷ്കുമാറിന്റെ കുട്ടികളാണ് മരിച്ചത്. ബ്രിജേഷ്കുമാർ, ഭാഗ്യ ജാഗ്രതി (39), മക്കളായ പ്രിൻസ് (14), മഹി (10) എന്നിവർ തിങ്കളാഴ്ച മെക്സിക്കോ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മത്സ്യബന്ധന ബോട്ട് മറിയുകയായിരുന്നു. മുങ്ങിമരിച്ചുവെന്നാണ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബ്രിജേഷ്കുമാറും ഭാര്യയും ചികിത്സയിലാണ്.
വാർത്ത സ്ഥിരീകരിച്ച് കുടുംബവും രംഗത്തെത്തി. ബോട്ട് മറിഞ്ഞതിനെക്കുറിച്ചുള്ള വാർത്തകള്‍ ഞങ്ങള്‍ കണ്ടു. മുങ്ങിമരിച്ചതായി കരുതുന്ന രണ്ട് കുട്ടികളുടെ പേരുകള്‍ പ്രിൻസ്, മഹി എന്നിവരാണെന്ന് മനസ്സിലാക്കി, പക്ഷേ മാതാപിതാക്കളുടെ പേരുകള്‍ അന്ന് സ്ഥിരീകരിക്കാത്തതിനാല്‍ ഞങ്ങളുടെ കുടുംബമല്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.പിന്നീട് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസിയില്‍ നിന്ന് രണ്ട് കുട്ടികളുടെ മരണത്തെക്കുറിച്ച് ഒരു കോള്‍ ലഭിച്ചു.ബ്രിജേഷ് കോമയിലാണെന്നും ജാഗ്രതിയും ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലാണെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് അവരെ കാണാൻ പോകാൻ അനുവാദം ലഭിക്കണമെന്ന് മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂവെന്ന് ബന്ധു അനില്‍ പറഞ്ഞു. അഹമ്മദാബാദിലെ നാന ചിലോഡയിലാണ് ഇവരുടെ സ്വദേശം. നാട്ടില്‍ ബിസിനസ് നടത്തി കടം വന്നപ്പോഴാണ് അവർ നാടുവിട്ടത്. ആദ്യം ലണ്ടനിലായിരുന്നു. അവിടെനിന്നാണ് അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിച്ചതെന്നും കുടുംബം പറയുന്നു.സഹോദരങ്ങളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അമേരിക്കൻ സ്വപ്നങ്ങളെക്കുറിച്ച് ആരോടും സൂചന നല്കിയികുന്നില്ല. മെയ് 5 നാണ് കാലിഫോർണിയയിലെ ഡെല്‍ മാറിലെ ഒരു ബീച്ചില്‍ ബോട്ട് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.