
സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും ചെലവുകുറഞ്ഞതും എന്നാൽ മികച്ച ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യം മുറുകെപ്പിടിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി പ്രവർത്തനം തുടരുകയാണ്. ഓരോ രോഗിക്കും ലഭ്യമായ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങിയ ഞങ്ങളുടെ വിദഗ്ദ്ധസംഘം 24 മണിക്കൂറും പ്രവർത്തനനിരതരാണ്.
രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ശ്രീചിത്രയിൽ ചികിത്സാനിരക്കുകൾ വർദ്ധിപ്പിച്ചതായി ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തകൾ തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണ്. ശ്രീചിത്ര ചികിത്സാനിരക്കുകളിൽ യാതൊരുവിധ വർദ്ധനവും വരുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും ശ്രീചിത്ര കൃത്യമായി പാലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അംഗീകൃത ചികിത്സാനിരക്കുകളിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആയുഷ്മാൻഭാരത് (കാസ്പ്- കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി) പദ്ധതിയിൽ 13000 രോഗികൾക്ക് സൌജന്യ ചികിത്സ നൽകി. മറ്റ് രോഗികൾക്ക് സാമൂഹിക- സാമ്പത്തിക സ്ഥിതി പരിശോധിച്ച് ചികിത്സാച്ചെലവിൽ ഇളവുകൾ അനുവദിച്ചു. ഇതുവഴി എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സ ഉറപ്പുവരുത്താൻ സാധിച്ചു.
ഹാർട്ട് ഫെയിലുവർ ചികിത്സയിൽ ഐസിഎംആറിൻ്റെ മികവിൻ്റെ കേന്ദ്രമാണ് ശ്രീചിത്ര. ഇതിന് പുറമെ സെൻ്റർ ഓഫ് എക്സലൻസ് ഇൻ മിനിമലി ഇൻവേസീവ് കാർഡിയോവാസ്കുലാർ ഇംപ്ലാൻ്റബിൾ ഡിവൈസസ്, സെൻ്റർ ഫോർ വൈറസ് ഡിസീസ് റിസർച്ച് ലബോറട്ടറി, സെൻ്റർ ഓഫ് എക്സലൻസ് ഇൻ ബയോമെഡിക്കൽ ഡിവൈസ് ടെസ്റ്റിംഗ് എന്നീ അംഗീകാരങ്ങളും ശ്രീചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. സഹജ് പ്രോഗ്രാമിലും ശ്രീചിത്ര പങ്കാളിയാണ്. ചികിത്സാരംഗത്തും വൈദ്യശാസ്ത്ര ഉപകരണവികസന മേഖലയിലും മികച്ച സംഭാവന നൽകാൻ ഇതിലൂടെ ശ്രീചിത്രയ്ക്ക് കഴിയുന്നു. ശ്രീചിത്രയുടെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗം അടുത്തിടെ അഞ്ച് വൈദ്യശാസ്ത്ര ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുകയും സാങ്കേതികവിദ്യ വിജയകരമായി കൈമാറുകയും ചെയ്തു. വൈദ്യശാസ്ത്ര ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രീചിത്രയുടെ മികവിന് ഇത് മറ്റൊരു തെളിവാണ്.
രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമയി കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓപ്പറേഷൻ തീയറ്ററുകൾ, ഒപി, ലബോറട്ടറികൾ, കെട്ടിടങ്ങൾ തുടങ്ങിയ പശ്ചാത്തല സൌകര്യങ്ങൾ തുടർച്ചയായി നവീകരിക്കുന്നുണ്ട്. പുതിയ പിഎംഎസ്എസ് വൈ ബ്ലോക്കിൽ രണ്ട് കത്തീറ്ററൈസേഷൻ ലാബുകൾ, രണ്ട് ബിഎസ്എൽ-2 ലാബുകൾ എന്നിവ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിന് പുറമെ സിടി സ്കാനറുകൾ, റേഡിയോ സർജറി സംവിധാനം, ഒൻപത് ഓപ്പറേഷൻ തീയറ്ററുകൾ എന്നിവയ്ക്കും കേന്ദ്രസർക്കാരിൻ്റെ അംഗീകാരം ലഭിച്ചു. ഇതിലൂടെ ചികിത്സാ സൌകര്യങ്ങൾ വിപുലപ്പെടുത്താൻ ശ്രീചിത്രയ്ക്ക് കഴിയും.
ന്യൂഡൽഹി എയിംസ് മാനദണ്ഡപ്രകാരമുള്ള വിലയ്ക്ക് സർക്കാർ അംഗീകൃത ഏജൻസികൾ വഴിയാണ് ശ്രീചിത്ര ചികിത്സയ്ക്ക് ആവശ്യമായ വൈദ്യശാസ്ത്ര ഉപകരണങ്ങൾ വാങ്ങുന്നത്. സുതാര്യത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഇതിൻ്റെ 80% മുതൽ 95% വരെ ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലെയ്സ് വഴിയാക്കി. നിലവിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ശ്രീചിത്ര ഇതിനായി കേന്ദ്രസർക്കാരിൻ്റെ അമൃത് ഫാർമസിയുമായി ധാരണാപത്രം ഒപ്പിട്ടു. തടസ്സമില്ലാതെ ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നതിനായി അത്യാവശ്യ ചികിത്സാ ഉപകരണങ്ങൾ അമൃത് ഫാർമസി വഴി വാങ്ങും.
തുല്യത, സുതാര്യത എന്നീ അടിസ്ഥാനതത്വങ്ങളിലൂന്നി കേന്ദ്രസർക്കാരിൻ്റെ എല്ലാ ചികിത്സാപദ്ധതികളും നടപ്പിലാക്കാനും അതുവഴി രാജ്യത്തിനും ജനങ്ങൾക്കും സേവനം നൽകാനും ശ്രീചിത്ര പ്രതിജ്ഞാബദ്ധമാണ്. അതിനാൽ അവാസ്തവവും അടിസ്ഥാനരഹിതവുമായ വാർത്തകളാൽ വഞ്ചിതരാകരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോടും രോഗികളോടും അഭ്യർത്ഥിക്കുന്നു. ചികിത്സാ- ചികിത്സാനിരക്ക് സംബന്ധമായ ഏത് സംശയങ്ങൾക്കും ഞങ്ങളെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. രോഗികൾ ഞങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഓരോ രോഗിക്കും സ്നേഹത്തോടും സുതാര്യമായും മികവോടെ ലോകോത്തര ചികിത്സ ലഭ്യമാക്കുമെന്നും ഉറപ്പുനൽകുന്നു.
