ആലപ്പുഴ: ആലപ്പുഴയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തില്‍ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു.കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ആയിരുന്നു ഏറ്റുമുട്ടല്‍.
സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ച കേസില്‍ തൃക്കുന്നപ്പുഴ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്.
പുളിക്കീഴിലെ കെടിഡിസി ബാറില്‍ മദ്യപിക്കാനെത്തിയ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്. ശനിയാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം.വെടിവയ്പ്പുണ്ടായെങ്കിലും ഇത് അപകടമുണ്ടാക്കുന്ന തോക്കല്ലെന്ന് മനസിലായതോടെ ഏറ്റുമുട്ടല്‍ രൂക്ഷമാകുകയായിരുന്നു. സംഭവത്തില്‍ സാരമായി പരിക്കേറ്റ നിരവധിപേർ ചികിത്സയിലാണ്.

