
ഭാരതസർക്കാരിൻ്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൻ്റെ 2025-ലെ വുമൺ ഇൻ മെഡിസൻ പുരസ്കാരത്തിന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയിലെ സീനിയർ സയൻ്റിസ്റ്റായ ഡോ. ആർ. എസ്. ജയശ്രീയെ തെരഞ്ഞെടുത്തു. ഈ പുരസ്കാരം നേടുന്ന ആദ്യമലയാളിയാണ് ഡോ. ആർ. എസ്. ജയശ്രീ.
മെഡിക്കൽ- ബയോമെഡിക്കൽ ശാസ്ത്രരംഗങ്ങൾക്ക് നൽകിയ വലിയ സംഭാവനകൾ പരിഗണിച്ചാണ് ഡോ. ആർ. എസ്. ജയശ്രീയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുകയും അവരുടെ സംഭാവനകൾ എടുത്തുകാട്ടുകയും ചെയ്തു. 2025 നവംബർ എട്ടിന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻ്റ് റിസർച്ചിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൻ്റെ ഭാഗമായി ഡോ. ആർ. എസ്. ജയശ്രീ ഗവേഷണപ്രവർത്തനങ്ങൾ അവതരിപ്പിക്കും. സ്ക്രോൾ ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും.
ശാസ്ത്രമേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഡോ. ആർ. എസ്. ജയശ്രീക്ക് രാഷ്ട്രപതി ഭവനിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു.
