
മട്ടന്നൂർ: മട്ടന്നൂരിലെ മൈഗോള്‍ഡ് ജൂവലറി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് കേസില്‍ പ്രതികളിലൊരാളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ ഏഴാം പ്രതിയായ മുഴക്കുന്ന് സ്വദേശി ചാത്തോത്ത് വീട്ടില്‍ ഹാഷിറി(22)നെയാണ് മട്ടന്നൂർ ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തത്. പഴയ സ്വർണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വർണം നല്‍കാമെന്നും നിശ്ചിത തുക വിവിധ കാലയളവില്‍ നിക്ഷേപിച്ചാല്‍ മൂൻകൂറായി സ്വർണം നല്‍കുമെന്നും മറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
മൈഗോള്‍ഡ് ജൂവലറി ഉടമകളായ മുഴക്കുന്ന് സ്വദേശി തഫ്‌സീർ ഉള്‍പ്പടെ ആറു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തഫ്‌സീറിന്റെ സഹോദരനാണ് അറസ്റ്റിലായ ഹാഷിർ. പ്രധാന പ്രതികളെല്ലാം വിദേശത്തേക്ക് കടന്നതായാണ് വിവരം.സെപ്റ്റംബർ ആദ്യവാരം മുതല്‍ ജൂവലറി അടച്ചിട്ടതോടെയാണ് പണവും സ്വർണവും നഷ്ടപ്പെട്ടെന്ന് കാണിച്ച് പരാതിക്കാർ എത്താൻ തുടങ്ങിയത്. 12 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതില്‍ തന്നെ രണ്ടു കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. 50ഓളം പരാതികളാണ് ആകെ ലഭിച്ചത്. 20 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണ് പോലീസ് കണക്കാക്കുന്നത്.പ്രധാന പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഹാഷിറിന്റെ പേരില്‍ കേസെടുത്തത്.
