ഹോർട്ടികോർപ്പ് – ഫാം ക്ലബ് – ഒരു ലക്ഷം കർഷകരുടെ കൂട്ടായ്മ.

തിരുവനന്തപുരം :- കേരളത്തിന്റെ കാർഷിക മേഖലയെ ഉത്തേജിപ്പിച്ച് കാർഷിക ഉത്പാദനം വർദ്ധിപ്പിച്ച് ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്നും ന്യായമായ വില നൽകി സംഭരിച്ച് അവ മിതമായ വിലയ്ക്ക് വിതരണംചെയ്യുക എന്നുള്ളതാണ് ഹോർട്ടികോർപ്പിൽ അർപ്പിതമായ ദൗത്യം. ‘കാർഷിക സമൃദ്ധിയിലൂടെ ആരോഗ്യ ഭക്ഷണം’ എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാനും പരമാവധി കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും ആരോഗ്യകരമായ ജിവിതം മടക്കി കൊണ്ടു വരുവാനും വേണ്ടി കേരള സർക്കാരിൻ് സഹായത്തോടെ കാർഷിക മേഖലയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുവാൻ ഹോർട്ടികോർപ്പിനെ സജ്ജമാക്കുകയാണ്.
‘ഞങ്ങളും കൃഷിയിലേക്ക്” എന്ന മഹത്തായ ആശയം മുന്നോട്ട് വച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രവൃത്തിയിലാണ് കാർഷിക വികസന കർഷകക്ഷേമവകുപ്പ്. ഈ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ്പ് ഇക്കാര്യത്തിൽ ജാഗ്രതാ പൂർണ്ണമായ ഇടപെട ലുകൾ നടത്തി വരുന്നുണ്ട്. കൃഷിവകുപ്പിൻ്റെ ശക്തമായ പ്രവർത്തനത്തിൻ്റെ ഭാഗമായി കേരളത്തിൽ കാർഷിക ഉത്പാദനം വർദ്ധിക്കുമ്പോൾ കാർഷിക ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്നും ശേഖരിക്കുവാനും അവ വിതരണം ചെയ്യുവാനും ഹോർട്ടികോർപ്പ് സജ്ജമായിരിക്കുകയാണ്. ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്ത് കർഷകർക്ക് ആശ്വാസം നൽകി കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുവാനും കർഷകർക്കും പൊതുജനങ്ങൾക്കും അതിൻ്റെ ഗുണം ലഭിക്കാനും കഴിയുന്ന രീതിയിൽ ഹോർട്ടികോർപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കേരളത്തിലെ കർഷകരിൽ നിന്നും കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതിനായി ഹോർട്ടികോർപ്പ് എല്ലാ ജില്ലകളിലും ഫാം ക്ലബ്ബുകൾ രൂപീകരിച്ച് വരികയാണ്. വാണിജ്യ അടിസ്ഥാനത്തിൽ കൂടുതൽ പഴം, പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ എന്നിവ ഉൽപാദിപ്പിക്കുന്ന കർഷകരെ ഉൾപ്പെടുത്തിയാണ് പഞ്ചായത്തടിസ്ഥാനത്തിൽ ഹോർട്ടികോർപ്പ് ഫാം ക്ലബ്ബുകൾ രൂപീകരിച്ചിട്ടുള്ളത്. ഫാം ക്ലബ്ബ് പ്രവർത്തനം സജീവ മാകുന്നതിലൂടെ ഓരോ ജില്ലയിലെയും കർഷകരുടെ വിവിധ ഉൽപന്നങ്ങൾ ലഭ്യമാകുന്ന സമയം അളവ് എന്നിവ മുൻകൂട്ടി മനസിലാക്കി അതനുസരിച്ച് സംഭരണ വിതരണ സാധ്യത കൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും സഹായകമാകും.

1000 ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ

“കാർഷിക സമൃദ്ധി ആരോഗ്യ ഭക്ഷണം” എന്ന സന്ദേശത്തിലൂന്നി വിതരണ ശ്യംഖലവ്യാപിപ്പിക്കുവാൻ ഹോർട്ടികോർപ്പ് ശ്രമിക്കുകയാണ്. കേരളത്തിൽ എമ്പാടും ശുദ്ധമായ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന തരത്തിൽ ‘ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ’ എന്ന പേരിൽ ഫ്രാഞ്ചൈസി വ്യവസ്ഥയിൽ വിതരണ കേന്ദ്രങ്ങൾ ആരംഭിക്കുകയാണ്. കൂടാതെ ഫാർമർ പ്രൊഡ്യൂസർ കമ്പനികളിൽ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ്പ് ഏറ്റെടുത്ത് ഹോർട്ടിസ്റ്റോറുകളിലൂടെ വിപണനം ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ടി ഹോർട്ടി സ്റ്റോറുകളിൽ പഴം-പച്ചക്കറി എന്നിവയ്ക്കു പുറമേ നാട്ടിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കൂടി വിപണനം ചെയ്യുന്നതായിരിക്കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, കുടുംബശ്രീ സംരംഭകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവരുടെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളായി ഹോർട്ടിസ്റ്റോറുകളെ മാറ്റി എടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് ഇത്. ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ ഏപ്രിൽ 30 നകം നൽകണം
മിതമായ വിലയിൽ ഫലവ്യക്ഷതൈകൾ വിതരണം ചെയ്യുന്നതിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന നേഴ്‌സറുകളുമായി ചേർന്ന് ഹോർട്ടികോർപ്പ് സംസ്ഥാന വ്യാപകമായി ഹോർട്ടികോർപ്പ് അഗ്രോ നേഴ്‌സറികൾ ആരംഭിക്കും. ഇതിലൂടെ ഗുണനിലവാരമുളള ഫലവൃക്ഷതൈകൾ മിതമായ വിലയ്ക്ക് വിതരണം ചെയ്യുവാൻ കഴിയും. ഹോർട്ടികോർപ്പുമായി സഹകരിക്കുവാൻ താൽപ്പര്യമുള്ള നിയമപരമായി പ്രവർത്തിക്കുന്ന നേഴ്സറികൾ ഏപ്രിൽ 30 നകം അപേക്ഷ നൽകണം. അപേക്ഷകരായ നേഴ്സറികളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വിലയിരുത്തി നേഴ്‌സറികളെ തെരഞ്ഞെടുക്കും എന്ന്
പത്ര സമ്മേളനത്തിൽ ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ.എസ്. വേണുഗോപാൽ.
ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്‌ടർ സജീവ്. ജെ എന്നിവർ അറിയിച്ചു.

You May Also Like

About the Author: Jaya Kesari