ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ-മാലദ്വീപ് സംയുക്ത സൈനികാഭ്യാസം ഏകുവേരിൻ 2025 തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ (എംഎൻഡിഎഫ്) സംഘങ്ങൾക്കൊപ്പം ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് സതേൺ കമാൻഡിലെ സൈനികരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു .
കരയിലും കടലിലും വിവിധ പരിതസ്ഥി തികളിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിട്ടയായ സംയുക്ത പരിശീലനത്തിലൂടെ പ്രവർത്തനക്ഷമത, പ്രവർത്തന ഏകോപനം, യുദ്ധ സന്നദ്ധത എന്നിവ വർദ്ധിപ്പിക്കുന്നതിനാണ് സംയുക്ത പരിശീലനം നടത്തുന്നത്.
ഇതിൻ്റെ ഭാഗമായി കരയിലും വെള്ളത്തിലും സൈനികർ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നു . തീരപ്രദേശങ്ങളിൽ ദൗത്യങ്ങൾ ഫലപ്രദമായി നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.. സൈനികർക്ക് അതിവേഗതന്ത്രങ്ങളും പരിശീലിക്കാൻ പ്രാപ്തരാക്കുന്ന ജലമാർഗ സന്നിവേശ പരിശീലനവും ഇതിൽ ഉൾപ്പെടുന്നു.
യഥാർത്ഥ സാഹചര്യങ്ങളിൽ പ്രതികരണം, കൃത്യത, ചടുലത എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇരുവശത്തുമുള്ള സൈനികർ റിഫ്ലെക്സ് ഫയറിംഗ് അഭ്യാസങ്ങളിലും ഏർപ്പെട്ടു. കൂടാതെ സ്ഫോടകവസ്തുക്കൾ നടപടിക്രമങ്ങൾ പാലിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്യാനും നശിപ്പിക്കാനുമുള്ള പരിശീലനവും നടക്കുന്നുണ്ട്.
‘ഏകുവേരിൻ 2025’ അഭ്യാസം പരിസമാപ്തിയിലേക്കടുക്കുമ്പോൾ, ഇരു സംഘങ്ങളും നിശ്ചയിച്ചിട്ടുള്ള എല്ലാ പരിശീലന ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള പാതയിലാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രാദേശിക സുരക്ഷ, സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനും പരസ്പര ധാരണ, തന്ത്രപരമായ സമന്വയം, വിവിധ തരത്തിലെ അനിശ്ചിതാവസ്ഥകൾ പ്രതിരോധിക്കാൻ തയ്യാറെടുപ്പ് എന്നിവ ശക്തിപ്പെടുത്തുന്നതിന്സംയുക്ത അഭ്യാസം സഹായകമാകും

