
മാലിദ്വീപിന്റെ ദേശീയ വിമാനക്കമ്പനി മാൽദീവിയൻ ദക്ഷിണേന്ത്യയുടെ ഔദ്യോഗിക ജനറൽ സെയിൽസ് ഏജന്റായി (ജിഎസ്എ) ഏവിയാറെപ്സ് ഇന്ത്യയെ നിയമിച്ചു. ഇന്ത്യൻ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെയും മാലിദ്വീപിലേക്കുള്ള പ്രധാന കവാടമായി പ്രവർത്തിക്കുന്ന മേഖലയിൽ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി.
2025 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 85,306 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ചു. പ്രതിവർഷം യാത്രക്കാരുടെ എണ്ണത്തിൽ 4.7 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. മാലിദ്വീപിന്റെ വിനോദസഞ്ചാര മേഖലയിൽ 5.7 ശതമാനം സംഭാവന നൽകി ആറാം സ്ഥാനത്തുള്ള ഇന്ത്യ അതിന്റെ തന്ത്രപരമായ പ്രാധാന്യം വീണ്ടും ഉറപ്പിക്കുകയാണ്. 2025 ൽ 20 ശതമാനം വളർച്ചയുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
എയർലൈനിന്റെ 2025 ഷെഡ്യൂൾ അനുസരിച്ച്, മാലിദ്വീപ് സർവീസുകൾ ഇനിപ്പറയുന്നു:
കൊച്ചി–മാലി (സിഒകെ-മാലി): തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ
ട്രിവാൻഡ്രം–മാലി (ടിആർവി–മാലി): തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ.
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലെ വർധന ആഹ്ലാദകരമാണെന്ന് മാൽദീവിയൻ മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം ഇയാസ് പറഞ്ഞു. ഏവിയാറെപ്സിന്റെ പിന്തുണയോടെ വ്യാപാര ബന്ധങ്ങൾ ശക്തമാക്കാനും കൂടുതൽ ഇന്ത്യൻ വിനോദ സഞ്ചാരികളെ മാലിദ്വീപ് സന്ദർശിക്കാൻ അവസരമൊരുക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയിൽ മാലിദ്വീപിന്റെ ജനറൽ സെയിൽസ് ഏജന്റായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഏവിയാറെപ്സ് ഏവിയേഷൻ സിഒഒ മാർസെലോ കൈസർ പറഞ്ഞു.
