എൻ.സി.സി യുടെ കേരളാ – ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേശ് ഷൺമുഖം ഇന്ന് (02 ഫെബ്രുവരി 2026) കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമായി സ്കൂൾ ഫോയറിൽ എത്തിയ അദ്ദേഹത്തെ കഴക്കൂട്ടം സൈനിക് സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, വൈസ് പ്രിൻസിപ്പൽ വിങ് കമാൻഡർ എം.രാജ്കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ സരിൻ പി.എം, എഎൻഒമാർ, പിഐ സ്റ്റാഫ്, എപിടിസി സ്റ്റാഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മേജർ ജനറൽ രമേശ് ഷൺമുഖം പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന്, സ്കൂൾ കാമ്പസിന്റെ ലേഔട്ടും പ്രധാന സൗകര്യങ്ങളും എടുത്തുകാണിച്ചുകൊണ്ട്, കാഡറ്റുകൾ വിശദമായ ബ്രീഫിംഗ് അവതരിപ്പിച്ചു.
മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം അദ്ദേകം അക്കാദമിക് ബ്ലോക്ക് സന്ദർശിച്ചു, അവിടെ വിവിധ ലബോറട്ടറികളും പഠനോപകരണങ്ങളും ഉൾപ്പെടെ സുസജ്ജമായ അടിസ്ഥാന സൗകര്യങ്ങൾ അദ്ദേഹം അവലോകനം ചെയ്തു. അക്കാദമിക് മികവിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു.
തുടർന്ന്, ജനറൽ ഓഫീസർ പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുകയും വരാനിരിക്കുന്ന തൊഴിൽ അവസരങ്ങളെക്കുറിച്ച് അവരോട് സംവദിക്കുകയും ചെയ്തു. സായുധ സേനയിലെ ഓഫീസർമാരുടെ കേഡറിൽ ലഭ്യമായ അവസരങ്ങൾ പ്രത്യേകം പരാമർശിച്ചു.
സൈനിക സ്കൂൾ എൻ.സി.സി വിഭാഗങ്ങളുടെ പ്രവർത്തനങ്ങളും സ്കൂൾ നടപ്പാക്കിയ എൻ.സി.സി-യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മറ്റ് സംരംഭങ്ങളും സംബന്ധിച്ച സമഗ്ര വിവരണം അദ്ദേഹത്തിനു നല്കി.


