ശ്രീചിത്ര ടെലിഹെല്‍ത്ത് യൂണിറ്റിന്റെ (സേതു) പ്രവര്‍ത്തനം ജനുവരി 27 മുതല്‍ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാവും

നല്ലൂര്‍നാട്:ശ്രീചിത്ര ടെലിഹെല്‍ത്ത് യൂണിറ്റിന്റെ (സേതു) പ്രവര്‍ത്തനം ജനുവരി 27 മുതല്‍ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാവും. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ നല്ലൂര്‍നാട് കാന്‍സര്‍ യൂണിറ്റിലെത്തുന്ന രോഗികള്‍ക്ക് കോഴി ക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് രൂപീകരിച്ചു കൊണ്ട് വിദഗ്ധ ഡോക്ടറുമാരുമായി ആശയവിനിമയം നടത്തി ചികിത്സ നേടാന്‍ സാധിക്കും. രോഗികളുടെ തുടര്‍ചികില്‍സ സംബന്ധിച്ച നിര്‍ദ്ദേശ ങ്ങളും ഇത്തരത്തില്‍ ലഭ്യമാകും.ശാസ്ത്ര- സാങ്കേതിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സഹായ ത്തോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന ആരോഗ്യ സേവന പദ്ധതിയാണ് ശ്രീചിത്ര ടെലിഹെല്‍ത്ത് യൂണിറ്റ് (സേതു). നിലവില്‍ ആധുനിക സജ്ജീകരണങ്ങളുള്ള ടെലി മെഡിസിന്‍ വാനുകള്‍ ഉപയോഗിച്ചാണ് ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലൂടെ പദ്ധതി നടപ്പാക്കുന്നത്. പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ് ഈ സേവനത്തില്‍ മുന്‍ഗണന ലഭിക്കുക. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള രോഗികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പരിശോധിച്ചതിനുശേഷം വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന തീയതിയില്‍ ടെലിമെഡിസിന്‍ വാന്‍ ആരോഗ്യകേന്ദ്രത്തില്‍ എത്തുമ്പോള്‍ വാനിലുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി ചികിത്സ ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാരുടെ സേവനം പദ്ധതിയിലൂടെ ലഭ്യമാണ്. കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി, പള്‍മനോളജി, നെഫ്രോളജി എന്നീ സൂപ്പര്‍ സ്പെഷ്യലിറ്റി സേവനങ്ങളും, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്സ് എന്നീ സ്പെഷാലിറ്റി സേവനങ്ങളും ലഭിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 + nine =