ഇരിട്ടി: അന്തർ സംസ്ഥാന ആള്‍മാറാട്ട തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിയെ ഇരിട്ടി പോലീസ് കണ്ണൂരില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.പയ്യന്നൂർ കാങ്കോല്‍ സ്വദേശി ടി.വി. ഗണേശൻ (47) ആണ് പോലീസ് പിടിയിലായത്.
മംഗലാപുരം, വളപട്ടണം, പെരുമ്ബാവൂർ എന്നിവിടങ്ങളിലേക്കു മരം കയറ്റികൊണ്ടുപോകുന്ന ലോറികളെ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിലാണു പ്രതി പിടിയിലായത്.ലോഡിനു കൂടുതല്‍ തുക വാഗ്ദാനം ചെയ്ത് കച്ചവടക്കാരെ വശത്താക്കി വാഹനം അണ്‍ലോഡിംഗ് സ്റ്റേഷനില്‍ എത്തിക്കുകയും പ്ലൈവുഡ് കമ്ബനിയില്‍ മരം ഇറക്കിയശേഷം ലോറി ഉടമകളും മരത്തിന്റെ ഉടമകളും അറിയാതെ പണം തട്ടിയെടുക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.ലോഡിന്റെ പണം വാഹന ഉടമകള്‍ അറിയാതെ കമ്ബനിയില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു തട്ടിപ്പിന്റെ ആദ്യപടി. ഇങ്ങനെ കേരളത്തിലെയും കർണാടകയിലെയും ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്ന പണം അക്കൗണ്ട് ഉടമകള്‍ക്ക് 5000 രൂപയോളം കമ്മീഷൻ നല്കി ബാക്കി ലക്ഷങ്ങള്‍ തട്ടുകയാണ് ഇയാളുടെ പതിവ് .

