പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യ എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകം എന്ന് കരുതാനുള്ള തെളിവുകള്‍ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലില്‍ ഇല്ലെന്നും മരണസമയത്ത് വീട്ടില്‍ ഭർത്താവ് ഷാരോണ്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.അങ്കണവാടിയില്‍ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോണ്‍ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അർച്ചന(20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തിരുന്നു.

