തിരുവനന്തപുരം പ്രസ് ക്ലബ് അംഗവും ദേശാഭിമാനി ഫോട്ടോഗ്രാഫറുമായ എ.ആർ. അരുൺ രാജ്, റിപ്പോർട്ടർ അശ്വതി എന്നിവർക്കാണ് ബി എം എസ്, ഐ എൻ ടി യു സി തൊഴിലാളികളിൽ നിന്ന് ക്രൂര മർദ്ദനമേറ്റത്.
ബേക്കറി ജംഗ്ഷനിൽ ആയിരുന്നു സംഭവം. അരുൺ രാജിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ട്രാഫിക് ലംഘിച്ച് എത്തിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിനാണ് മർദ്ദനം.
റോഡിന്റെ നടുവില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോ ഇൻഡിക്കേറ്ററിടാതെ എടുത്തുവന്ന് ബൈക്കിലിടിക്കാന്‍ വന്നത് ചോദ്യം ചെയ്തതോടെ വണ്ടി നിര്‍ത്തി ബിഎംഎസ് തൊഴിലാളിയായ ഡ്രൈവര്‍ മാധ്യമപ്രവർത്തകരെ തെറി വിളിക്കുകയായിരുന്നു. പിന്നാലെയെത്തിയ ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകർ റിപ്പോർട്ടർ അശ്വതിയെ പിടിച്ചുതള്ളി. ഇത് ചോദ്യം ചെയ്തതിനാണ് അരുൺ രാജനെ വളഞ്ഞിട്ട് ആക്രമിച്ചത്.
സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും ആവശ്യപ്പെട്ടു.
