പമ്പ : നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ തല്‍ക്ഷണം മരിച്ചു. തമിഴ്നാട് സ്വദേശി ശിവദാസ് (65) ആണ് മരിച്ചത്.രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ പാഞ്ഞു വരുന്ന മിനി ബസ് കണ്ട് ആളുകള്‍ നിലവിളിയോടെ ഓടിമാറിയതുകൊണ്ട് വൻ അപകടം ഒഴിവായി.
നിർത്തിയിട്ടിരുന്ന ഒരു മിനി ബസിലും ഇന്നോവ കാറിലും ഇടിച്ച ശേഷം ബസിന്‍റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനില്‍ക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 4.10ന് ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് അപകടം. പരിക്കേറ്റ 10 പേരെ എരുമേലി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇതര സംസ്ഥാന വാഹനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സമാന്തര പാത വഴി എത്തിയതാണ് അപകടത്തിനു കാരണമായത്. ഈ പാതയില്‍ പോലീസ് ഡ്യൂട്ടി ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചായ കുടിച്ച ശേഷം നിർത്തിയിട്ടിരുന്ന ബസിന്‍റെ അടുത്ത് നില്‍ക്കുമ്ബോഴാണ് തീർഥാടകന്‍റെ നേരേ മിനി ബസ് പാഞ്ഞെത്തി ശരീരത്തിലൂടെ കയറിയിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.