ശാസ്ത്ര പ്രതിഭാ മത്സരം- വിദ്യാർത്ഥി വിജ്ഞാൻ മന്തൻ (VVM) 2025-26; സെപ്തംബർ 30 വരെ അപേക്ഷിക്കാം

കൊച്ചി: സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ (വിജ്ഞാൻഭാരതി) നേതൃത്വത്തിൽ എൻ.സി.ഇ.ആർ.ടി., വിദ്യാഭ്യാസ മന്ത്രാലയം, കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി വിജ്ഞാൻ മന്തൻ (VVM) മത്സരപരീക്ഷയ്ക്ക് 2025 സെപ്തംബർ 30 വരെ അപേക്ഷിക്കാം.

ഭാരതത്തിന്റെ ശാസ്ത്രസംഭാവനകൾ വരും തലമുറയിലേക്ക് എത്തിക്കുക, വിദ്യാർത്ഥികളിൽ ശാസത്രാവബോധം സൃഷ്ടിച്ച് അവരെ മികച്ച ശാസ്ത്രജ്ഞരാക്കുക, രാജ്യപുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ അവരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പരീക്ഷ, ഓപ്പൺ ബുക്ക് സംവിധാനത്തിൽ സ്‌മാർട്ട്‌ഫോണിലോ, കമ്പ്യൂട്ടറിലൊ സ്വന്തം വീട്ടിലിരുന്ന് എഴുതാം. 6 മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. www.vvm.org.in എന്ന വെബ്സൈറ്റിൽ നേരിട്ടോ, സ്‌കൂൾ മുഖേനയോ 200 രൂപ നൽകി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒന്നര മണിക്കൂറിൽ രണ്ടു വിഭാഗങ്ങളായിട്ടാണ് പരീക്ഷ. വിജ്ഞാൻഭാരതി പ്രസിദ്ധീകരിക്കുന്ന ഭാരതത്തിന്റെ ശാസ്ത്രസംഭാവനകൾ എന്ന പുസ്തകത്തിൽ നിന്നും, ഡോ. സത്യേന്ദ്രനാഥ് ബോസ്‌ എന്ന ഭാരതീയ ശാസ്ത്രജ്ഞന്റെ ജീവചരിത്രത്തിൽ നിന്നും 40% ചോദ്യങ്ങൾ ആദ്യ വിഭാഗത്തിൽ ഉണ്ടായിരിക്കും. ഇവ VVM വെബ്സൈറ്റിൽ നിന്നും സൌജന്യമായി ലഭിക്കുന്നതാണ്. അതത് ക്ലാസ്സുകളിലെ സയൻസ്, മാത്‌സ് പാഠപുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ, ലോജിക് റീസണിംഗ് ചോദ്യങ്ങൾ എന്നിവയാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്കൂൾ തലത്തിൽ രണ്ടു ഘട്ടങ്ങളിലായി (Level-I & Level-II) നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതല ക്യാമ്പിലും ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദേശീയതല ക്യാമ്പിലും പങ്കെടുക്കാം. രണ്ടാം ഘട്ടത്തിൽ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും. വിജയികളായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, ക്യാഷ് അവാർഡുകൾ, ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം എന്നിവ ലഭിക്കും, കൂടാതെ പ്രശസ്ത ഗവേഷണസ്ഥാപനങ്ങളിൽ 1 മുതൽ 3 ആഴ്ച വരെയുള്ള വിപുലമായ ഇന്റേൺഷിപ്പിനുള്ള അവസരവും ഉണ്ടായിരിക്കും.
പരീക്ഷ തീയതികൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബ്രോഷർ കാണുക അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ സംസ്ഥാന കോർഡിനേറ്ററെയോ സംഘടനയിലെ അംഗങ്ങളെയോ ബന്ധപ്പെടാം.

You May Also Like

About the Author: Jaya Kesari