തിരുവനന്തപുരം: 2023 ഡിസംബർ മാസത്തിലായിരുന്നു കാസർഗോഡിലെ പൊതു പ്രവർത്തകൻ എം വി ശില്പരാജ് തിരുവനന്തപുരം ജില്ലാ കലക്ടർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാർക്കും റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട് പ്രയോജനപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ സമ്പൂർണ്ണ റോഡ് സുരക്ഷ ഒരുക്കുവാൻ നിവേദനം നൽകിയത്. തുടർന്ന് വിവരാവകാശമുപയോഗിച്ച് നിരന്തരം നിവേദനത്തിന്റെ സ്ഥിതികൾ അന്വേഷിച്ചതിന്റെ ഫലത്തിലാണ് തിരുവനന്തപുരം ജില്ലാ കലക്ടർ തിരുവനന്തപുരം തദ്ദേശ വകുപ്പ് ജോയിന്റ് ജോയിന്റ് ഡയറക്ടർക്ക് അറിയിപ്പ് നൽകിയിട്ടുള്ളത്. കേരള റോഡ് സുരക്ഷ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിശ്ചിത മാതൃകയിൽ ഉൾക്കൊള്ളിച്ച് സംസ്ഥാനതല മേധാവിയുടെയോ ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ ചെയർമാനായ ജില്ലാ കളക്ടറുടെ വ്യക്തമായ ശുപാർശയോടുകൂടിയോ പ്രൊപ്പോസൽ സമർപ്പിക്കാവുന്നതാണെന്ന് കാണിച്ചാണ് അറിയിപ്പ് നൽകിയിട്ടുള്ളത്. ഈ സാമ്പത്തിക വർഷത്തിലേക്ക് മാത്രം 86.06 കോടി രൂപ സർക്കാർ അതോറിറ്റിക്ക് അനുവദിച്ചതായും, മുൻ സാമ്പത്തിക വർഷങ്ങളിൽ നിന്നും 35 കോടിയോളം രൂപ അതോറിറ്റിക്ക് മിച്ചം വന്നിട്ടുള്ളതായും ശില്പരാജിനെ രേഖാമൂലം റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചിരുന്നു.
