രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം സ്വാഗതം ചെയ്യുന്നതോടൊപ്പം മൂന്നര വർഷം വൈകിപ്പിച്ചതിൽ അക്കാദമിക സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ചുവട് പിടിച്ചാണ് 2022 ൽ ‘പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യാ’ – പി എം ശ്രീ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 2022- 23 മുതൽ 2026 – 27 വരെയുള്ള അഞ്ച് വർഷക്കാലത്തേക്ക് ഇരുപത്താറായിരം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതി പ്രകാരം ലഭിക്കുക. രാജ്യത്തെ ഓരോ ബ്ലോക്കിലേയും രണ്ട് വീതം വിദ്യാലയങ്ങളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമികവും ഭൗതികവുമായ വികസനമാണ് ലക്ഷ്യം. വികസിത ഭാരതത്തിലെ വിദ്യാഭ്യാസത്തിൻ്റെ ചൂണ്ടുപലകകളായി ഈ വിദ്യാലയങ്ങൾ മാറും. കേവലം രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന ശതകോടികൾ നഷ്ടപ്പെടുത്തിയത് പൊറുക്കാൻ കഴിയാത്ത അപരാധമാണ്.
അണികളെ ആവേശം കൊള്ളിക്കാൻ വലിയ വാക്കുകൾ കൊണ്ട് കോട്ടകൾ കെട്ടുകയും ഒടുവിൽ പണം കിട്ടാൻ വേണ്ടി സാഷ്ടാംഗം വീഴുകയും ചെയ്യുന്നത് സംസ്ഥാനത്തെ ഇടത് സർക്കാരിൻ്റെ ശീലമായി മാറിയിരിക്കുകയാണ്. ആരോഗ്യമേഖലയിലെ കേന്ദ്ര സർക്കാരിൻ്റെ ബ്രാൻഡിംഗിനെതിരെ വലിയ ഗീർവാണം മുഴക്കുകയും ഒടുവിൽ പഞ്ചപുച്ഛമടക്കി പദ്ധതിയിൽ ഒപ്പിടുകയും ചെയ്ത ആരോഗ്യ മന്ത്രിയും ഇപ്പോൾ ‘പി എം ശ്രീ’യിൽ നിലപാട് തിരുത്തിയ വിദ്യാഭ്യാസ മന്ത്രിയും മികച്ച ഉദാഹരണങ്ങളാണ്.
