തിരുവനന്തപുരം: മൃഗശാലയില്‍ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വർഗത്തില്‍പ്പെട്ട സാമ്പാർ ഡിയർ ചത്തത്.തിങ്കളാഴ്ച തിരുവനന്തപുരം മൃഗശാലയില്‍ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനക്കു ശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമല്‍ ഡിസീസില്‍ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തില്‍ മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാർക്കെല്ലാം പോസ്റ്റ് ഏസ്പോഷർ ആന്റി റാബീസ് വാക്സിൻ നല്‍കാൻ തീരുമാനിച്ചിരിക്കുകയാണ്. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങള്‍ക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിൻ നല്‍കാനും തീരുമാനിച്ചു. ഇതിനായി വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തില്‍ ടീമിനേയും രൂപവല്‍കരിച്ചു. മൃഗങ്ങള്‍ക്കുള്ള വാക്സിനേഷൻ ഇന്നാരംഭിക്കും.