


തിരുവനന്തപുരം : നാട് ആകെ വികസനത്തിന്റെ പാതയിൽ ആണ്. ദേശീയ പാതകളും, ഇന്റർലോക്ക് ഇട്ട നടപ്പാതകളുമായി പുറം മൂടി മിനുക്കുകയാണ് ഭരണാധികാരികൾ. എന്നാൽ നാടിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിയാത്ത കുറേ അധികം ഉൾപ്രദേശങ്ങളും ഈ തലസ്ഥാനത്ത് ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ബാലരാമപുരം – പുന്നയ്ക്കാട് ഗ്രാമ പഞ്ചായത്ത് പ്രദേശം. റോഡിന്റെ ഒരു ഭാഗം മുനിസിപ്പാലിറ്റിയും, മറുഭാഗം പഞ്ചായത്തുമാണ് ഇവിടെ.
ദിവസവും നിരവധി വാഹനങ്ങൾ കടന്നു പോകുന്ന, നൂറുകണക്കിന് ആളുകൾ സ്കൂളിലേക്കും, കോളേജിലേക്കും, ജോലികൾക്കുമായി കടന്നു പോകുന്ന ഒരു പ്രദേശത്തെ റോഡ് ആണ് ഇത്തരം ഒരു ദുരവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.
കോവളം നിയോജക മണ്ഡലം കോൺഗ്രസ്സ് എം. എൽ. എ എം.വിൻസെന്റിന്റെ അധികാര പരിധിയിൽ ആണ് പുന്നക്കാട് റോഡ് വരുന്നത്. ഇതിനോടകം തന്നെ നിരവധി അപകടങ്ങളും അതിനെ തുടർന്ന് പ്രക്ഷോപങ്ങളും ഉയർന്നു വന്നു. എന്നാൽ യാതൊരുവിധത്തിൽ ഉള്ള പ്രാധാന്യവും ഇതുവരെ പുന്നക്കാട് റോഡിനായി നൽകിയിട്ടില്ല. സഞ്ചാരയോഗ്യമല്ലാത്ത റോഡിലൂടെയുള്ള
യാത്ര യുവാവിന്റെ കാൽ ഒടിയുന്നതിലേക്ക് വരെ നയിച്ചു. നിരവധി സ്കൂൾ വാഹനങ്ങൾ ദിവസേന എത്തുന്ന റോഡിൽ ഇന്ന് പല വാഹനങ്ങളും റൂട്ട് മാറ്റി വിടുന്ന അവസ്ഥയിലാണ്. ഇതിലൂടെ സ്കൂൾ വിദ്യാർത്ഥികളും പ്രതിസന്ധിയിൽ ആണ്.
വിൻസെന്റ് എം. എൽ. എ യ്ക്ക് വോട്ട് കുറവുള്ള മേഖലയായതിനാൽ ആണ് ഈ അനാസ്ഥ തുടരുന്നത് എന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.
ഏതായാലും ബാലരാമപുരം – പുന്നയ്ക്കാട് പഞ്ചായത്ത് റോഡിന്റെ ദുരവസ്ഥ തുടരുകയാണ്. ഇലക്ഷൻ സമയത്ത് കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും കാട്ടികൂട്ടുകയല്ല വേണ്ടത്. റോഡിന്റെ പണി അതിവേഗം പൂർത്തിയാക്കി ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുകയാണ് വേണ്ടത്.
