
ത്യശൂർ : ബംഗളൂരുവില്‍നിന്ന് കടത്തിയ എം.ഡി.എം.എയുമായി തൃശൂരില്‍ മൂന്നുപേർ പിടിയിലായി. റെയില്‍വേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് രണ്ടു സ്ത്രീകളെയും യുവാവിനെയും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.ഇവരില്‍നിന്ന് 105 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.എറണാകുളം സ്വദേശി ആഷിക്, ഭാര്യ പത്തനാപുരം സ്വദേശിനി ഷഹാന, ആഷിക്കിൻറെ സുഹൃത്തിൻറെ ഭാര്യ മാള സ്വദേശിനി ഹരിത എന്നിവരാണ് അറസ്റ്റിലായത്. തൃശൂരില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാരക മയക്കുമരുന്നുവേട്ടയാണിത്. ബംഗളൂരുവില്‍നിന്ന് ട്രെയിനിലാണ് എം.ഡി.എം.എ എത്തിച്ചത്.തൃശൂരിലിറങ്ങിയശേഷം ഗുഡ്സ് ഷെഡിനു സമീപം എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവർ. ഇവരില്‍നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയയാളെക്കൂടി പിടികൂടാനായിരുന്നു പൊലീസിൻറെ ശ്രമമെങ്കിലും അതിനു സാധിച്ചില്ല.
