പുളിയന്‍മല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തിൽപ്പെട്ടു ; 14 പേര്‍ക്ക് പരിക്ക്

ഇടുക്കി തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്ക്.വളവില്‍ നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശി ജ്യോതികയെ (16) തൊടുപുഴയിലേയ്ക്ക് മാറ്റി. ഡ്രൈവര്‍ കുന്നിക്കോട് എസ് ഷംനാദ് (36), അധ്യാപകരായ അംജാത് (42) നൗഫല്‍ (32) എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. റോഡില്‍ കുത്തനെയുള്ള ഇറക്കത്തിലാണ് വാഹനം നിയന്ത്രണം വിട്ടത്. റോഡരികിലെ ഞാവല്‍ മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്.ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഘം കുന്നിക്കോട്ടു നിന്നും പുറപ്പെട്ടത്. രാത്രി 7.30 ഓടെയാണ് അപകടം. ഡ്രൈവറുടെ കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മരത്തിനും വാഹനത്തിനുമിടയില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. കുളമാവ് പൊലീസും മൂലമറ്റത്തുനിന്നെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

You May Also Like

About the Author: Jaya Kesari