തിരുവനന്തപുരം: ഓഫിസ് മുറികള്‍ സ്വീകരണമുറികളെപ്പോലെ ഹൃദ്യമാക്കിക്കൊണ്ട് ഒരുക്കുന്ന പുതിയ രീതി കേരളത്തിലും എത്തിയത് നല്ല മാറ്റത്തിന്‍റെ സൂചനയെന്ന് ശശി തരൂര്‍ എം.പി. ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന എ.ഒ.ടി.ടെക്നോളജീസിന്‍റെ പുതിയ ഓഫീസ് കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ സങ്കല്‍പ്പങ്ങളെ പാടെ മാറ്റി പുതിയ രീതിയില്‍ ജീവനക്കാര്‍ക്ക് സൌഹാര്‍ദ്ദപരമായ് ഓഫിസ് മുറി ക്രമീകരിച്ചതില്‍ എ.ഒ.ടി ടെക്നോളജീസിന്‍റെ അണിയറപ്രവര്‍ത്തകരെ ശശി തരൂര്‍ എം.പി. അഭിനന്ദിച്ചു. എ.ഒ.ടി ടെക്നോളജീസിന്‍റെ പുതിയ സംരംഭമായ കോസ്മോജെന്‍സിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക ഉദ്ഘാടനവും ശശി തരൂര്‍ എം.പി.നിര്‍വഹിച്ചു. ഇടനിലക്കാരില്ലാതെ അമേരിക്കയിലും കാനഡയിലുമുള്ള മികച്ച കമ്പനികളില്‍ ഐ.ടി.ജോലികള്‍ കണ്ടെത്താനുള്ള ഇടമാണ് കോസ്മോജെന്‍സ്. വിദേശകമ്പനികളില്‍ കിട്ടുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും കേരളത്തിലുള്ളവര്‍ക്ക് ലഭിക്കുമ്പോള്‍ മറ്റ് വ്യവസായങ്ങള്‍ക്കും അത് ഗുണകരമാവുമെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ സാമ്പത്തിക മേഖലയെ ഭദ്രമാക്കാന്‍ ഇതുപോലുള്ള സംരംഭങ്ങള്‍ കൂടുതലായ് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളായ പ്രവീണ്‍ രാമചന്ദ്രനും ജോര്‍ജ് ഫിലിപ്പുമാണ് എ.ഒ.ടി.ടെക്നോളജീസിന്‍റെ സ്ഥാപകര്‍. പത്തുവര്‍ഷത്തിലേറെയായ് ബ്രിട്ടീഷ് കൊളംബിയയില്‍ വിജയകരമായ് പ്രവര്‍ത്തനം തുടരുന്ന എ.ഒ.ടി.ടെക്നോളജീസിന് വിക്ടോറിയയിലും വാന്‍കൂവറിലും പോർട്ട്‌ലാൻഡിലും ഓഫീസുകള്‍ ഉണ്ട്.കമ്പനിയുടെ പ്രവര്‍ത്തനം കേരളത്തില്‍ കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് കഴക്കൂട്ടത്തെ ഓഫിസ് നവീകരിച്ചത്.
കാനഡയിലെ പാര്‍ലമെന്‍റ് അംഗമായ അലിസ്റ്റെയര്‍ മാക്ഗ്രിഗര്‍, ബ്രിട്ടീഷ് കൊളംബിയയിലെ മുന്‍ ഡപ്യൂട്ടി മിനിസ്റ്റര്‍ ഡോണ്‍ ഫാസ്റ്റ്, കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീ എം.എസ്., കേരള ഐ.ടി.പാര്‍ക്ക് സി.ഇ.ഒ. ജോണ്‍ എം.തോമസ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.