കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ശീതീകരിണിയില്‍ ഉണ്ടായ വൈദ്യുത തകരാണ് കാരണമെന്നു കരുതുന്നതായി അധികൃതര്‍.രണ്ട് യൂണിറ്റ് ശീതികരിണി പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ശീതീകരിണി യന്ത്രത്തില്‍ നിന്നു പുകയും തീയും ഉയരുന്നതുകണ്ട് രോഗികളുടെ കൂട്ടിരിപ്പുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് വൈദ്യുതി ലൈന്‍ വിച്ഛേദിച്ച ശേഷം തീ അണയ്ക്കുകയുമായിരുന്നു. സംഭവത്തില്‍ ആളപായമില്ല. ഉദ്ദേശം അമ്പതിനായിരം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം സ്ഥിര സംഭവമാകുകയാണ്. വലുതും ചെറുതുമായ നിരവധി തീപിടുത്തങ്ങളാണ് സമീപഭാവിയില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മാലിന്യ നിക്ഷേപ കേന്ദ്രത്തിലുണ്ടായ വന്‍ തീപിടുത്തം വലിയ ആശങ്ക പരത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴോളം അഗ്‌നിശമന യൂണിറ്റുകള്‍ എത്തി ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അന്ന് തീ അണയ്ക്കാനായത്.അതിനു മുന്‍പും പലപ്പോഴായി ശസ്ത്രക്രീയ തീയേറ്ററിനു സമീപത്തും മറ്റുമായി നിരവധി തീപ്പിടുത്തങ്ങള്‍ ഉണ്ടായി. ചെറിയ തീപ്പിടുത്തങ്ങളെല്ലാം അഗ്‌നിശമന സേന എത്തുന്നതിനു മുമ്പേ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റു ചേര്‍ന്ന് അണയ്ക്കുകയായിരുന്നു. കോട്ടയത്തുനിന്ന് സേനാംഗംങ്ങള്‍ എത്തിച്ചേരുന്നതിനു വരുന്ന കാലതാമസമാണ് പലപ്പോഴും തീ ആളിപ്പടര്‍ന്ന് നാശനഷ്ടങ്ങള്‍ കൂടുവാന്‍ കാരണം.ഗതാഗത തടസ്സമാണ് ഇതിനു പ്രധാന കാരണം. അഗ്‌നിശമന സേനയുടെ ഒരു യൂണിറ്റ് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച്‌ സ്ഥാപിച്ചാല്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വളരെ വേഗം സേനാംഗങ്ങള്‍ക്ക് എത്തിച്ചേരുവാനും നടപടി എടുക്കുവാനും സാധിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − two =