തിരുവനന്തപുരം: ഞായറാഴ്ച ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ചുമട്ടുതൊഴിലാളി ഡോളി (സുരേഷ്, 48)യുടെ മൃതദേഹം ആക്കുളം ബോട്ട് ക്ലബിന് സമീപത്തുനിന്ന് കണ്ടെത്തി.ഇന്നലെ ഉച്ചയ്ക്ക് ചാക്ക ഫയര്‍ ഫോഴ്സിലെ അഞ്ചുപേരടങ്ങുന്ന സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 10ന് തുടങ്ങിയ തെരച്ചില്‍ രണ്ടര മണിക്കൂറോളം നീണ്ടു.
കിംസ് ആശുപത്രിക്ക് സമീപമുള്ള ആമയിഴഞ്ചാന്‍ തോട്ടിലാണ് ഈറോഡ് കളത്തില്‍ വീട്ടില്‍ ഡോളിയെ കാണാതായത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ആനയറയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ ഡോളി ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ രണ്ട് സുഹൃത്തുക്കളുമൊത്ത് കിംസിന് സമീപമുള്ള പാലത്തിനടുത്തുവച്ച് മദ്യപിച്ചിരുന്നു. സുഹൃത്തുക്കള്‍ സ്ഥലത്തുനിന്ന് പോയതോടെ സമീപവാസിയായ ശശി ഡോളിക്കൊപ്പം ചേര്‍ന്നു. ഇതിനിടെ തോടിന്റെ മറുകരയില്‍ മീന്‍പിടിക്കാനെത്തിയ പരിചയക്കാരനായ കുട്ടനുമായി മീന്‍പിടിക്കുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. കുട്ടന്റെ അടുത്തേക്ക് നീന്തിപ്പോകാനായി മദ്യലഹരിയില്‍ തോട്ടിലേക്ക് ഇറങ്ങുകയായിരുന്നു ഡോളി. നീന്തലറിയാമായിരുന്നെങ്കിലും ശക്തമായ ഒഴുക്കില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.