തിരുവനന്തപുരം: കേരളവികസനത്തില്‍ വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്.പ്രളയവും കൊവിഡും തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് സമാനതകളില്ലാത്ത വികസനം കൈവരിക്കാനായെന്നാണ് സര്‍ക്കാരിന്‍റെ അവകാശ വാദം. എന്നാല്‍ ക്രമസമാധാന രംഗത്തെ തകര്‍ച്ചയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കേരളത്തിന്‍റെ നിറം കെടുത്തിയെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു. ലൈഫ് പദ്ധതി ആറ് വര്‍ഷം പിന്നിടുന്പോഴും സംസ്ഥാനത്ത് ആറ് ലക്ഷത്തോളം മനുഷ്യര്‍ ഭവന രഹിതരാണെന്ന കണക്കുകളും പുറത്തുവരികയാണ്.ചരിത്രം സൃഷ്ടിച്ച തുടര്‍വിജയത്തിന്‍റെ തിളക്കവുമായി അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ വര്‍ഷം പിന്നിടുന്നത് കാര്യമായ വെല്ലുവിളികളില്ലാതെ. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷവുമായി താരതമ്യം ചെയ്യുന്പോള്‍ മന്ത്രിമാരുടെ രാജിയോ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദങ്ങളോ ഇല്ല. ക്യാപ്റ്റനു കീഴില്‍ ഒത്തൊരുമയോടെ നില്‍ക്കുന്ന മന്ത്രിസഭയും സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്ന പാര്‍ട്ടിയും. നൂറുദിന കര്‍മ പദ്ധതി പ്രഖ്യാപിച്ച് തുടര്‍ഭരണത്തിന് തുടക്കമിട്ട സര്‍ക്കാര്‍ ഒന്നാം വാര്‍ഷിക വേളയില്‍ അവതരിപ്പിക്കുന്നത് വികസന നേട്ടങ്ങളുടെ വന്‍ പട്ടിക.നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണിന് പലിശരഹിത വായ്പ, കെഡിസ്ക് വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍, കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് 200കോടി രൂപയുടെ ധനസഹായം തുടങ്ങിയവയായിരുന്നു ആദ്യ നൂറുദിന പ്രഖ്യാപനത്തിന്‍റെ ഹൈലൈറ്റ്. കൂടുതല്‍പേര്‍ക്ക് പട്ടയങ്ങള്‍, കെഫോണ്‍ പദ്ധതിയിലെ കുതിപ്പ്, കൂടംകുളം-കൊച്ചി വൈദ്യുത ഇടനാഴി, കൊച്ചി-ബാംഗ്ളൂര്‍ വ്യവസായ ഇടനാഴി, കൊച്ചി വാട്ടര്‍മെട്രോ തുടങ്ങി ഒരു പറ്റം പദ്ധതികളും ആദ്യ വര്‍ഷത്തെ നേട്ടങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. ലൈഫ് പദ്ധതിക്കു കീഴില്‍ ഇതിനോടകം പൂര്‍ത്തീകരിച്ച രണ്ടരലക്ഷത്തോളം വീടുകളുടെ കണക്കും ഒപ്പമുണ്ട്.ചരിത്രം കുറിച്ച വമ്ബന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തിന്‍റെ നെറുകയിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍.