തിരുവനന്തപുരം: മലയാള ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവതി രാജിവെച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരുകയും മാറി നിൽക്കാൻ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ ആവശ്യം പരിഗണിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാലാ പാർവതിയുടെ രാജി.ഏകകണ്ഠമായാണ് വിജയ് ബാബുവിനെ പുറത്താക്കണമെന്ന ശുപാർശ സമിതി സ്വീകരിച്ചതെന്ന് രാജിക്കത്തിൽ മാലാ പാർവതി വ്യക്തമാക്കുന്നുണ്ട്. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലും വിജയ് ബാബുവിനെ പുറത്താക്കണമെന്ന അഭിപ്രായമുയർന്നിരുന്നു. ശ്വേതാ മേനോൻ, ബാബുരാജ് തുടങ്ങിയവരാണ് വിജയ് ബാബുവിനെതിരെ നിലപാട് സ്വീകരിച്ചത്. എന്നാൽ വിജയ് ബാബുവിനൊപ്പം നിൽക്കാനുള്ള താത്പര്യമാണ് അമ്മ പ്രകടിപ്പിച്ചത്