വിസ്മയ കേസില്‍ വിധി ഇന്ന്

കൊല്ലം : വിസ്മയ കേസില്‍ ഇന്ന് വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക കഴിഞ്ഞ ജൂണ്‍ 21 ന് അയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്ത്രീധനമരണം, സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭിഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഫോണ്‍ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു.
ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു. സാക്ഷികള്‍ കൂറ്മാറിയത് കേസ്സിനെ ബാധിക്കില്ല. മകള്‍ മാനസിക വേദന അനുഭവിച്ചു. സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് കിരണ്‍കുമാര്‍ മകളെ മര്‍ദിക്കുമായിരുന്നു. വിവാഹത്തിന് ശേഷവും കിരണ്‍കുമാര്‍ സ്ത്രിധനമായി പത്തലക്ഷം രൂപ ആവശ്യപ്പെട്ടു. വിസ്മയക്ക് മര്‍ദനമേറ്റ പാടുകളുടെ ചിത്രങ്ങള്‍ അമ്മക്ക് അയച്ച്‌ കൊടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × one =