ബെംഗളൂരു: കര്‍ണാടക കലബുറഗിയില്‍ ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ കുത്തിക്കൊന്നു.കലബുറഗി വാഡി നഗരത്തിലെ റെയില്‍വേ മേല്‍പാലത്തില്‍ വച്ചു കഴിഞ്ഞ ബുധനാഴ്ചയാണ് വിജയ കാംബ്ലയെ(25) കുത്തിവീഴ്ത്തിയത്. പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ഭീമനഗര്‍ സ്വദേശിയാണ് വിജയ.റെയില്‍വേ സ്റ്റേഷനിലെ കന്റീനില്‍ പാചകക്കാരനായ വിജയ കാംബ്ല ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണു കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ടു ശഹാബുദ്ദീന്‍, നവാസ് എന്നിവര്‍ അറസ്റ്റിലായി. ശഹാബുദ്ദീന്റെ 18 വയസുള്ള സഹോദരിയുമായി വിജയ പ്രണയത്തിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ബന്ധം അവസാനിപ്പിച്ചതായി വിജയ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ബന്ധം തുടരുന്നതായി അടുത്തിടെ ശഹാബുദ്ദീന്‍ മനസിലാക്കി.ഇതിനെക്കുറിച്ചു ചോദിക്കാനാണു തിങ്കളാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ ശഹാബുദ്ദീന്‍ കത്തിയെടുത്തു കുത്തുകയായിരുന്നു. ആറുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നു ശഹാബുദ്ദീന്റെ സഹോദരി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ബളഗാവിയിലും സമാനസംഭവം ഉണ്ടായിരുന്നു.