കോട്ടയം ; കോട്ടയത്തെ റെയില്‍ തുരങ്കങ്ങള്‍ 65-ാം വയസ്സില്‍ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂര്‍ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതോടെ, കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും.പുതിയ ട്രാക്കുകള്‍ തുരങ്കം ഒഴിവാക്കിയാണു നിര്‍മിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി വിട്ട ശേഷം, ഈ ഭാഗം പുതിയ ട്രാക്കുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി.
1957 ലാണ് ഈ തുരങ്കങ്ങള്‍ നിര്‍മിച്ചത്. റെയില്‍വേയില്‍ അന്ന് അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന മെട്രോമാന്‍ ഇ.ശ്രീധരന്‍ അടക്കം നിര്‍മാണത്തില്‍ പങ്കാളിയായി. നിരവധി കഥകളില്‍ നിഗൂഢതയുടെ സൂചനയായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ തുരങ്കങ്ങള്‍ക്ക് കേടുവരുത്താതെയാണു സമീപത്തു പുതിയ ട്രാക്ക് നിര്‍മിച്ചത്.