കൊയിലാണ്ടി: ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ജെ.ആര്‍ ഫാഷന്‍ ജ്വല്ലറിയില്‍നിന്നു രണ്ടു പവനോളം സ്വര്‍ണം മോഷ്ടിച്ച മുക്കം മൂത്താട്ടില്‍ വീട്ടില്‍ പ്രകാശനെ (53) മാനന്തവാടിയില്‍വെച്ചാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.മേയ് 26ന് രാവിലെയായിരുന്നു മോഷണം. വെള്ളി ആഭരണം ചോദിച്ചെത്തിയ ഇയാള്‍ കൈയിലുണ്ടായിരുന്ന കുട ജ്വല്ലറിയുടെ മേശപ്പുറത്തുണ്ടായിരുന്ന സ്വര്‍ണാഭരണത്തില്‍വെച്ച് കവറോടുകൂടി എടുക്കുകയായിരുന്നു. ഇയാള്‍ പോയ ശേഷമാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. മോഷണ ദൃശ്യം നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. സി.ഐ. എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.എല്‍. അനൂപ്, എ.എസ്.ഐ രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിനീഷ്, സി.പി.ഒ സി. നിരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.