വിഴിഞ്ഞം: ആഴിമലത്തീരത്തെ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ തിരയടിച്ച് കടലില്‍ വീണ തീര്‍ത്ഥാടകസംഘത്തിലെ യുവാവ് മരിച്ചു.പുനലൂര്‍ ഇളമ്ബല്‍ ആരംപുന്ന ജ്യോതിഷ് ഭവനില്‍ സുകുമാരന്റെയും ഗീതയുടെയും മകന്‍ ജ്യോതിഷ് എസ്.(24) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു അപകടം.ആഴിമല ശിവക്ഷേത്രദര്‍ശനത്തിനുശേഷം ജ്യോതിഷും സ്ത്രീകളുമുള്‍പ്പെട്ട 21 അംഗ സംഘം കടല്‍ത്തീരത്തേക്കു പോകാന്‍ താഴത്തെ പാറക്കെട്ടുകളിലെത്തി. അപകടമേഖലയായതിനാല്‍ ഇവിടെ സ്ഥാപിച്ച നിയന്ത്രണ ബോര്‍ഡുകളിലെ മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു സംഘം പാറക്കെട്ടുകളിലെത്തിയത്. സെല്‍ഫിയെടുക്കുന്നതിനിടെ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടുകളിലേക്ക് തിരമാല അടിച്ചുകയറുകയായിരുന്നു. കടലില്‍ വഴുതി വീണ ജ്യോതിഷിനെ കാണാതായി.
സംഭവം കണ്ട സുഹൃത്തുകളും ഒപ്പമെത്തിയ സ്ത്രീകളും നിലവിളിച്ചതോടെയാണ് ലൈഫ് ഗാര്‍ഡുള്‍െപ്പടെയുള്ളവര്‍ വിവരമറിയുന്നത്. ഉടനെ വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. എസ്.എച്ച്.ഒ. എച്ച്.അനില്‍കുമാര്‍, എസ്.ഐ. ജി.എസ്.പദ്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പാറക്കെട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
തുടര്‍ന്ന് എ.എസ്.ഐ. അജിത്, സി.പി.ഒ. പ്രസൂണ്‍, കോസ്റ്റല്‍ വാര്‍ഡന്മാരായ സുനീറ്റ്, സില്‍വര്‍സ്റ്റര്‍, സാദിഖ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസിന്റെ പട്രോളിങ് ബോട്ടുപയോഗിച്ചു നടത്തിയ തിരച്ചിലില്‍ അടിമലത്തുറ ഫാത്തിമമാത പള്ളിക്കു സമീപത്തെ കടലില്‍ യുവാവ് ഒഴുകിപ്പോകുന്നതു കണ്ടു. തുടര്‍ന്ന് വടമുപയോഗിച്ച് യുവാവിനെ ബോട്ടിലേക്കു വലിച്ചുകയറ്റിയപ്പോഴേക്കും മരിച്ചിരുന്നു.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.