തിരുവനന്തപുരം : ആരോരുമില്ലാത്ത തെരുവ് മക്കൾക്ക് നന്മയുടെ കൈത്താങ്ങാവുകയാണ് യുവാവായ ഇയാൾ. ചാരിറ്റിയുടെ പേരിൽ ലക്ഷങ്ങൾ സംഭാവന സ്വീകരിച്ച് പരസ്യപ്പെടുത്തുന്ന കാലത്താണ് സ്വന്തം കീശയിലെ പണമുപയോഗിച്ച് മീനാങ്കൽ എം ആർ കെ. ഹൗസിൽ അജു കെ മധു എന്ന ഇരുപതൊമ്പുകാരൻ മാതൃകയാകുന്നത്. കോവിഡ് രൂക്ഷമായ കാലത്ത് പട്ടിണിക്കാരെ കണ്ടെത്തി അന്നമൂട്ടിയിരുന്ന അജു പിന്നീട് ഇത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. തൊഴിലിനു ശേഷമുള്ള മുഴുവൻ സമയവും അനാഥർക്കായി പ്രവർത്തിക്കുന്ന ഇയാൾ നാട്ടുകാരുടെ ജീവിത പ്രശ്നങ്ങളിൽ ഇടപ്പെട്ട് ഒറ്റയാൾ സമരം നടത്തിയും ശ്രദ്ധ നേടിയിരുന്നു. തെരുവിന്റെ മക്കൾക്ക് ഭക്ഷണത്തിനൊപ്പം മരുന്നും, പരിചരണവും അവശരായവരെ ആശുപത്രിയിലെത്തിച്ചും സഹായിക്കുന്ന അജു ഏതാനും മാസം മുൻപ് കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ ഈഞ്ചക്കൽ മുതൽ പരുത്തിക്കുഴി വരെ റോഡ് അടച്ചപ്പോൾ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തിനായി നടത്തിയ ഒറ്റയാൾ സമരവും മാതൃകയായി. പെട്രോൾ വിലവർദ്ധനവിനെതിരെ പമ്പിനു മുന്നിലും, തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കാൻ നടപടി മേയറുടെ ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭക്കു മുന്നിൽ നടത്തിയ സമരവും പ്രധാനപ്പെട്ടതായിരുന്നു.കോവിഡിന്റെ ആരംഭത്തിൽ ആര്യനാട്,വിതുര പഞ്ചായത്ത് പ്രദേശങ്ങളിൽ തുടങ്ങിയ സേവനങ്ങൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അജു .