ഹൈദരാബാദ്: തെലുങ്കാനയില്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഭാര്യാസഹോദരനും മറ്റൊരാളും ചേര്‍ന്നു പൊതുജനമധ്യത്തില്‍വച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി സരൂര്‍നഗറിലായിരുന്നു ദാരുണസംഭവം. ബി. നാഗരാജു(25) ആണു കൊല്ലപ്പെട്ടത്.ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ സ്കൂട്ടറിലെത്തിയ ഭാര്യാസഹോദരന്‍ സയിദ് മോബിന് അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവര്‍ തടഞ്ഞു. നാഗരാജുവിനെ വലിച്ചുതാഴെയിട്ട അക്രമികള്‍ ഇരുന്പു കന്പിക്ക് തലങ്ങും വിലങ്ങും അടിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പ്രതികളെ രണ്ടു പേരെയും ഇന്നലെ അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്ന് എല്‍ബി നഗര്‍ ഡിസിപി സന്‍പ്രീത് സിംഗ് പറഞ്ഞു. പതിനൊന്നു വര്‍ഷമായി തനിക്ക് നാഗരാജുവിനെ അറിയാമായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. സ്കൂളിലും കോളജിലും ഒരുമിച്ചു പഠിച്ചവരാണ്. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ വര്‍ഷം ജനുവരി 31ന് ഹൈദരാബാദിലെ ആര്യ സമാജത്തിലായിരുന്നു വിവാഹം. ദളിതനായ നാഗരാജുവുമായുള്ള സഹോദരിയുടെ ബന്ധത്തെ സയീദ് മോബിന് എതിര്‍ത്തിരുന്നു.
സഹോദരിക്ക് മോബിന് പലവട്ടം മുന്നറിയിപ്പു നല്‍കിയിരുന്നു. എതിര്‍പ്പു ശക്തമായതോടെ യുവതി വീടുവിട്ടിറങ്ങി നാഗരാജുവിനെ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്നു നാഗരാജുവിനെ കൊലപ്പെടുത്താന്‍ സയീദ് മോബിന് പദ്ധതിയിട്ടു.