ഹൃദ്രോഗ ചികിത്സയിലൂടെ 1000 കുരുന്നുകൾക്ക് പുതു ജീവിതം; എസ് എ ടി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗത്താൽ മരണത്തിൻ്റെ വക്കിൽ കഴിഞ്ഞവർ ഉൾപ്പെടെ 1000 കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് തിരികെ നടത്തിച്ച് എസ് എ ടി ആശുപത്രിയുടെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം. 2007- സർക്കാർ മേഖലയിൽ ആദ്യമായി ആരംഭിച്ച എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഈ നേട്ടത്തിലൂടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാ രംഗത്ത് പുതു ചരിത്രം കുറിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നിരന്തരമായ ഇടപെടൽ എസ് എ ടി ആശുപത്രിയുടെ ചരിത്രനേട്ടത്തിന് പ്രധാന വഴിത്തിരിവായി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്ന നിലയിൽ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലൊന്നായ എസ് എ ടി യുടെ മുൻകാല പരാധീനതകൾ ഒന്നൊന്നായി പരിഹരിക്കാൻ മന്ത്രി വീണാ ജോർജ് വലിയ തോതിൽ ശ്രദ്ധപുലർത്തിയിരുന്നു. അതുകൊണ്ടു തന്നെ സ്വകാര്യ ആശുപത്രികൾ 15 ലക്ഷം രൂപ വരെ ഈടാക്കുന്ന ജീവൻ രക്ഷാ ചികിത്സയായ എക്മോ ചികിത്സ പോലും എസ് എ ടി ആശുപത്രിയിൽ സൗജന്യമായി നൽകാൻ കഴിഞ്ഞു. മാത്രമല്ല, അതി സങ്കീർണ ഹൃദയശസ്ക്രിയകളും സൗജന്യമായി നടത്തി ഒരു വയസും രണ്ടു വയസുമൊക്കെ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാൻ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ എസ് ലക്ഷ്മിയുടെ നേതൃത്വത്തിൽ എസ് എ ടിയ്ക്കായി. ഈ വർഷം കാത്ത് ലാബിൽ ഹൃദയം തുറക്കാതെ നടത്തിയ 300 ലധികം കത്തീറ്റർ ഇൻ്റർവെൻഷൻ ചികിത്സയിലൂടെ രോഗികൾക്ക് ആശ്വാസം പകരാനായത് മറ്റൊരു നേട്ടമാണ്. കൊച്ചിയിൽ നടന്ന കേരളാ ഇൻ്റർവെൻഷൻ കാർഡിയോളജി കൗൺസിൽ മീറ്റിംഗിൽ യുവ ഇൻ്റർവെൻഷനലിസ്റ്റിനുള്ള അവാർഡ് എസ് എ ടിയിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ കെ എൻ ഹരികൃഷ്ണന് ലഭിച്ചത് ഈ ചരിത്ര നേട്ടത്തിൻ്റെ തെളിവാണ്.
കഴിഞ്ഞ ആറു വർഷത്തിനിടെ ഡിപ്പാർട്ട്‌മെൻ്റ് 850-ലധികം പീഡിയാട്രിക് കാർഡിയാക് ഇൻ്റർവെൻഷനുകൾ നടത്തി. 150-ലധികം ഓപ്പൺ ഹാർട്ട് സർജറി വിജയകരമായി നടത്തിക്കഴിഞ്ഞു.

എസ്എടി ഹോസ്പിറ്റലിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ല, തമിഴ്‌നാട്ടിൽ നിന്നുമുള്ള കുട്ടികളും ചികിത്സ തേടി എത്താറുണ്ട്. അത്യാധുനിക സൗകര്യങ്ങളായ പീഡിയാട്രിക് കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി, കുട്ടികൾക്കു മാത്രമായുള്ള ഹൃദയ ശസ്ത്രക്രിയാ തീയേറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു, ഹൈ എൻഡ് എക്കോകാർഡിയോഗ്രാഫി മെഷീനുകൾ എന്നിവയ്ക്കൊപ്പം വകുപ്പിൻ്റെ രൂപീകരണത്തിനും വിപുലീകരണത്തിനുമായി ആറുകോടി രൂപ സർക്കാർ അനുവദിച്ചതോടെയാണ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാൽ ജനശ്രദ്ധയാകർഷിച്ചത്. കാത്ത് ലാബ് ടെക്‌നോളജിസ്റ്റുകളുടെയും കാർഡിയാക് പെർഫ്യൂഷൻ ടെക്‌നോളജിയുടെയും തസ്തികകൾ ഉൾപ്പെടെ 19 പുതിയ പിഎസ്‌സി തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ജന്മനായുള്ള ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന എല്ലാ കുട്ടികളുടെയും ചികിത്സ ലക്ഷ്യമാക്കിയാണ് സർക്കാർ ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. സർക്കാർ മേഖലയിൽ പീഡിയാട്രിക് കത്തീറ്ററൈസേഷൻ ലാബും പീഡിയാട്രിക് കാർഡിയാക് ഓപ്പറേഷൻ തിയറ്ററും ഉൾപ്പെടുന്ന ഡിപ്പാർട്ട്മെൻ്റ് എസ്എടി യിൽ മാത്രമാണുള്ളത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യൂ, ജെ ഡി എം ഇ ഡോ വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ്, എസ് എ ടി സൂപ്രണ്ട് ഡോ എസ് ബിന്ദു എന്നിവർ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പരാതി രഹിതമായി നടത്താനും നിർധന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പ്രവർത്തി പഥത്തിൽ കൊണ്ടുവരുന്നതിനും ശ്രദ്ധ ചെലുത്തുന്നുണ്ട്.
പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ എസ് ലക്ഷ്മിയെ കൂടാതെ ഡോ കെ എൻ ഹരികൃഷ്ണൻ, ഡോ ജി ആർ രോഹിത് രാജ് . എന്നിവരാണ് മറ്റ് പീഡിയാട്രിക് കാർഡിയോളജിസ്റ്റുകൾ. ഡോ സി വി വിനു , ഡോ സുരേഷ്കുമാർ, ഡോ സുശീൽ ചന്ദ്രൻ എന്നിങ്ങനെ മൂന്നു കാർഡിയോ തൊറാസിക് സർജൻമാരുണ്ട്. ഡോ ഡിങ്കിൾ സീതാറാം, ഡോ അക്ഷര എന്നിവരാണ് അനസ്‌തെറ്റിസ്റ്റുകൾ. കാർഡിയോളജി സ്‌പെഷ്യാലിറ്റി ഒപിഡികൾ ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കുന്നു,
ചിത്രം: 1 എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ശസ്ത്രകിയാ വേളയിൽ
2 കൊച്ചിയിൽ നടന്ന കേരളാ ഇൻ്റർവെൻഷൻ കാർഡിയോളജി കൗൺസിൽ മീറ്റിംഗിൽ യുവ ഇൻ്റർവെൻഷനലിസ്റ്റിനുള്ള അവാർഡ് നേടിയ എസ് എ ടിയിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ കെ എൻ ഹരികൃഷ്ണൻ

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *