മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ അഡ്യാർ വളച്ചില്‍ മേഖലയിലെ ബോണ്ഡ ഫാക്ടറി വിറ്റ ഇളനീർ വെള്ളം കുടിച്ച പതിനഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് സ്ത്രീകളും 12 വയസ്സുള്ള കുട്ടിയും മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 12 പേരെ ഒ.പി വിഭാഗത്തില്‍ ചികിത്സ നല്‍കി വിട്ടയച്ചു.മംഗളൂരുവിനടുത്ത കണ്ണൂർ, തുംബെ സ്വദേശികളാണ് അതിസാരം ബാധിച്ച് ആശുപത്രിയിലുള്ളത്. തിങ്കളാഴ്ച ഫാക്ടറിയില്‍ നിന്ന് വാങ്ങിയ ഇളനീർ വെള്ളം ചൊവ്വാഴ്ച കഴിച്ചതിനെത്തുടർന്ന് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യപ്രശ്നം ബാധിച്ചവർ വാങ്ങിയ എല്ലാ ഇനം സാധനങ്ങളുടേയും സാമ്പിളുകള്‍ ശേഖരിച്ചു. ഇവ പരിശോധന വിധേയമാക്കും. സംഭവത്തെത്തുടർന്ന് ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ ഡോ. തിമ്മയ്യയുടെ നേതൃത്വത്തില്‍ സംഘം ഫാക്ടറിയില്‍ പരിശോധന നടത്തി. 15 ലിറ്റർ ഇളനീർ വെള്ളം രാസപരിശോധനക്ക് അയച്ചതായി ഡി.എച്ച്.ഒ അറിയിച്ചു.