മലപ്പുറം: ദുബായ് ദേരയിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതിമാരടക്കം 16 പേര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര കാളങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.നാല് ഇന്ത്യക്കാരും 10 പാക്കിസ്ഥാന്‍ സ്വദേശികളും രണ്ടു ആഫ്രിക്കന്‍ വംശജരുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളാണെന്നാണ് ലഭ്യമായ വിവരം. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.
ദുബായിലെ ഏറ്റവും ജനത്തിരക്കേറിയ മാര്‍ക്കറ്റായ ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തിലാണ് തീപിടിച്ചത്. അഞ്ചു നിലകളുള്ള ഈ കെട്ടിടത്തിന്‍റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു. റിജേഷും ജിഷിയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീപിടിച്ചത്. മുറിയിലേക്കു വ്യാപിച്ച പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചു.